തിരുവനന്തപുരം: ജൂലായ് 22ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പുറപ്പെട്ട ചന്ദ്രയാൻ 2 പേടകം ഇന്നലെ ചന്ദ്രനുമായി കൂടുതൽ അടുത്തു. ഇന്നലെ നാലാമത്തെ വട്ടം ഭ്രമണപഥം ഉയർത്തിയതോടെ ചന്ദ്രയാൻ ഭൂമിയിൽ നിന്ന് 89,472 കിലോമീറ്റർ മേലെയെത്തി.3.84 ലക്ഷം കിലോമീറ്ററാണ് ചന്ദ്രനിലേക്കുള്ള ദൂരം.ആഗസ്റ്റ് ആറിന് അടുത്ത ഭ്രമണപഥം ഉയർത്തലോടെ ചന്ദ്രയാൻ ഭൂമിയിൽ നിന്ന് ഒരുലക്ഷം കിലോമീറ്റർ മേലെയെത്തും. പിന്നീട് ചന്ദ്രപഥത്തിലേക്ക് തെന്നിമാറാനുള്ള ശ്രമം തുടങ്ങും. ആഗസ്റ്റ് 14 ഓടെ ഇത് തുടങ്ങും. സെപ്തംബർ 7ന് പുലർച്ചെയാണ് ചന്ദ്രയാൻ 2 ചന്ദ്രനരികിലെത്തുക. ദക്ഷിണ ധ്രുവത്തിന് 100 കിലോമീറ്റർ അടുത്തെത്തുന്ന ചന്ദ്രയാൻ ലാൻഡറിനെയും റോവറിനെയും ചന്ദ്രന്റെ മണ്ണിലിറക്കും.
ഇന്നലെ വൈകിട്ട് 3.27 നാണ് ഭ്രമണപഥം ഉയർത്തിയത്. പത്തുമിനിറ്റിനുള്ളിൽ 646 സെക്കൻഡ് ദ്രവ ഇന്ധനം ജ്വലിപ്പിച്ചാണ് ചന്ദ്രയാനെ ഉയർത്തിയത്. ചന്ദ്രയാന്റെ പ്രവർത്തനം മികച്ച രീതിയിലാണെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.