ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ കെട്ടുകെട്ടിക്കാൻ പോലും ചെന്നിത്തല ഗാന്ധിയും ചോമ്പാല മുല്ലപ്പള്ളി ഗാന്ധിയും, എന്തിനധികം ഓ.സി ഗാന്ധി പോലും ഇത്ര പെടാപ്പാട് പെട്ടിട്ടില്ലായിരുന്നു. വിദേശ വസ്ത്ര ബഹിഷ്കരണം, നിസഹകരണപ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം എന്നിങ്ങനെ എണ്ണമറ്റ സമരമുറകൾക്ക് നേതൃത്വം കൊടുക്കാൻ അന്ന് മഹാത്മാ ഗാന്ധിജിക്കുണ്ടായിരുന്ന ഏക ബലമെന്ന് പറയുന്നത് മേല്പറഞ്ഞ മൂന്ന് ഗാന്ധിമാരുടെയും ഉറച്ച കൈത്താങ്ങ് ഒന്ന് മാത്രമായിരുന്നു. അതുകൊണ്ടെന്തുണ്ടായി! സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ജീവനും കൊണ്ടോടിപ്പോയി. ബ്രിട്ടീഷുകാരായ ബ്രിട്ടീഷുകാർക്കൊക്കെ ചെന്നിത്തല ഗാന്ധിയുടെ തലയൊന്ന് കണ്ടാൽ മതി, ഒന്നും രണ്ടുമെല്ലാം പോകുമെന്നതാണ് സ്ഥിതി.
ഒരു മാതിരിപ്പെട്ട ആർക്കും ചെന്നിത്തല ഗാന്ധിയുടെയോ മുല്ലപ്പള്ളി ഗാന്ധിയുടെയോ ഓ.സി ഗാന്ധിയുടെയോ ദേഹത്ത് തൊടാൻ ധൈര്യമുണ്ടാവാറില്ല. എന്നാൽ ധൈര്യം കാട്ടാതിരുന്നത് ചില മർമ്മാണിമാർ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എവിടെ തൊട്ടാലും മർമ്മമെന്ന് ധരിച്ചുവശായ മർമ്മാണിമാരെ പോലെയല്ലല്ലോ ഇങ്ങ് വെള്ളയമ്പലത്തിനടുത്തെ ഇന്ദിരാഭവന് ചുറ്റിലും മണത്ത് നടക്കുന്ന ഘടാഘടിയന്മാർ. അവർ ഇതല്ല, ഇതിലപ്പുറവും കണ്ടവരാണ്. മുല്ലപ്പള്ളി ഗാന്ധി മനസ്സിൽ കാണും മുമ്പേ അവർ മാനത്ത് കാണുകയും അതിനനുസരിച്ച് മർമ്മാണിയെ തോല്പിക്കുംമട്ടിൽ ഓതിരം, കടകം എന്നിത്യാദി അഭ്യാസമുറകൾ ആവിഷ്കരിച്ച് തുടങ്ങുകയും ചെയ്യും.
ബ്രിട്ടീഷുകാർ ഇതിലൊക്കെ എത്രയോ ഭേദം എന്നാണ് ചോമ്പാലമുക്കിലെ ചായക്കടയിലിരുന്ന് കട്ടൻ ചായ അടിക്കവേ മുല്ലപ്പള്ളി ഗാന്ധിയിൽ നിന്ന് ആത്മഗതമുയർന്നതെന്ന് ഏറ്റവുമൊടുവിൽ ഇന്റലിജന്റ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഗതി കെ.പി.സി.സിയുടെ പുന:സംഘടന തന്നെ. കെ.പി.സി.സിയെ ഒന്ന് പുന:സംഘടിപ്പിച്ചെടുക്കാൻ പെടുന്ന പാട് ചില്ലറയല്ലെന്ന് മുല്ലപ്പള്ളിഗാന്ധിയും ചെന്നിത്തല ഗാന്ധിയും ഓ.സി ഗാന്ധിയും ഉറപ്പിച്ച് പറയുന്നു.
തികഞ്ഞ കളരിയഭ്യാസികൾക്ക് മാത്രം സാധിക്കുന്നതാണ് ഈ പുന:സംഘടനയെന്ന് ആരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കിൽ അവർക്കും തെറ്റിപ്പോയിരിക്കുന്നു! ചോമ്പാലക്കളരിയിൽ നിന്ന് സകല അടി,തട മുറകളും ശീലിച്ചെത്തിയ മുല്ലപ്പള്ളി ഗാന്ധിക്ക് പിടിച്ചുനിൽക്കാനാവുന്നില്ല. പത്തൊമ്പാമത്തെ അടവ് കണ്ടുപിടിച്ചതേ ചെന്നിത്തലഗാന്ധിയെന്നാണ് വയ്പെങ്കിലും പുന:സംഘടനയുടെ വാലേതാവണം, തുമ്പുണ്ടാവുമോ എന്ന് കണ്ടുപിടിക്കാനാവാത്ത മാനസികാവസ്ഥയിലാണ് ചെന്നിത്തലഗാന്ധി. ഓ.സിഗാന്ധിയുടെ അവസ്ഥയും കഷ്ടാൽ കഷ്ടതരമാണ്.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ ജംബോ കമ്മിറ്റി പാടില്ലെന്ന് മൂന്ന് ഗാന്ധിമാരും പറഞ്ഞുറപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളിപ്പറിയണമല്ലോ. അതുകൊണ്ട് മിനികമ്മിറ്റിയിൽ പരമാവധി എത്രപേരെ ഉൾക്കൊള്ളിക്കാമെന്ന കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കാൻ ഇതുവരെ സാധിക്കാത്ത നിലയാണ്. ഇന്ദിരാഭവന് ചുറ്റിലും മണ്ടി നടക്കുന്ന ഗാന്ധിച്ചെക്കൻമാരുടെ കണ്ണുവെട്ടിച്ച് മുല്ലപ്പള്ളി പോയിട്ട് തച്ചോളി ഒതേനന് പോലും അകത്തേക്ക് കയറിപ്പോകാനാവില്ല.
അതുകൊണ്ട് പുന:സംഘടനയെ മൂന്നാം സ്വാതന്ത്ര്യസമരമായി മുൻകാല പ്രാബല്യത്തോടെ പ്രഖ്യാപിച്ച് ഉത്തരവാകണമെന്ന് ചോമ്പാല മുല്ലപ്പള്ളി ഗാന്ധിയും ചെന്നിത്തല ഗാന്ധിയും ഓ.സി ഗാന്ധിയും ഹൈക്കമാൻഡിനോട് (അതൊരു സാങ്കല്പികം മാത്രം) താഴ്മയായി അഭ്യർത്ഥിക്കുകയാണ്, സുഹൃത്തുക്കളേ, അഭ്യർത്ഥിക്കുകയാണ്.
ആരാണീ ഹൈക്കമാൻഡ് എന്ന് ചോദിച്ചാൽ, 'ഏയ് ഞാനീ നാട്ടുകാരനല്ലേ" എന്ന മട്ടിൽ പല തലകൾ ഉരുണ്ടുരുണ്ട് പോകുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ കേട്ടുകേൾവി. തിരോന്തോരത്തെ ബാഴ്സലോണയാക്കാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പോലും നടക്കാൻ തയ്യാറായിരുന്ന തരൂർഗാന്ധിക്ക് പോലും ഈ തലകളുടെ അവസ്ഥ കണ്ടിട്ട് താങ്ങാനാവുന്നില്ല. ഒരുമാതിരിപ്പെട്ടതെല്ലാം താങ്ങാൻ ശേഷിയും ശേമുഷിയുമുള്ള തടിയാണ് തരൂർഗാന്ധിയുടേത് എന്നാർക്കാണറിയാത്തത്!
താങ്ങാൻ ശേഷിയില്ലാത്തത് കൊണ്ട് മാത്രമാണ് ഹൈക്കമാൻഡിനെ നാഥനില്ലാക്കളരി എന്ന് തരൂർഗാന്ധി വിശേഷിപ്പിച്ചത്. അതുകേട്ടപ്പോൾ അന്തോണിഗാന്ധി കോട്ടുവായിട്ടു നില്പായിരുന്നു. രാഹുൽമോൻ ഗോട്ടി ഉരുട്ടിക്കളിക്കുന്നുണ്ടായിരുന്നു. ഉരുട്ടിക്കൊടുത്ത് കൈകൊട്ടാൻ കർണാടകത്തിൽ സ്വാതന്ത്ര്യസമരം നയിച്ചെത്തിയ വേണുഗോപാലഗാന്ധിയുമുണ്ടായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ത്യജിച്ച് സന്ന്യാസജീവിതത്തിലേക്ക് ഒതുങ്ങാൻ സമ്മതിക്കാതെ രാഹുൽമോനെ വയനാട് ഡി.സി.സി പ്രസിഡന്റാക്കിയാലെന്താ എന്ന ചോദ്യം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അതിന് ഐ.സി ബാലകൃഷ്ണൻഗാന്ധി കസേര ഒഴിഞ്ഞ് കൊടുക്കുമോയെന്നേ അറിയേണ്ടതുള്ളൂ.
പാർട്ടി ജനങ്ങളിൽ നിന്ന് വല്ലാണ്ട് അകന്നുപോയെന്ന് എ.കെ.ജി സെന്ററിൽ സൂക്ഷ്മദർശിനി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പിണറായി സഖാവും കോടിയേരി സഖാവും ചേർന്ന് കണ്ടെത്തുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിണറായി സഖാവും കോടിയേരി സഖാവും കേട്ടുകൊണ്ടിരുന്നത് ഇരുപതിൽ പതിനെട്ട് സീറ്റും ഇതാ, ഇങ്ങെത്തിപ്പോയി എന്നായിരുന്നു. 2004ൽ അന്തോണിഗാന്ധിയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിച്ചത് പോലെ ഇനി ചെന്നിത്തല ഗാന്ധിയെയും കോൺഗ്രസുകാർ കെട്ടുകെട്ടിച്ചു കളയുമോ എന്ന് പോലും ഒരുവേള കോടിയേരി സഖാവ് ശങ്കിച്ച് പോയതായിരുന്നു.
പക്ഷേ വോട്ടെണ്ണിത്തീർന്നപ്പോൾ പത്തൊമ്പതും കൊണ്ട് പഹയന്മാർ പറന്നുകളയുന്നതാണ് കണ്ടത്! ആലപ്പുഴയും കൂടി കൈയിൽ നിന്ന് പോകേണ്ടതായിരുന്നു. ഭാഗ്യവശാലോ നിർഭാഗ്യവശാലോ അതുണ്ടാവാത്തത് മാർക്സിന്റെ കാരുണ്യം എന്നേ പറയാനുള്ളൂ. അങ്ങനെയാണ് എ.കെ.ജി സെന്ററിൽ നിന്ന് സൂക്ഷ്മദർശിനി പൊടിതട്ടിയെടുത്ത് പരിശോധന ആരംഭിച്ചത്. ആദ്യമാദ്യമൊക്കെ എന്തൊക്കെയോ അവ്യക്തമായി ഉഴലുന്നതാണ് കണ്ടത്. ഒന്നുകൂടി വിശദമായി പിണറായി സഖാവ് സൂക്ഷിച്ചുനോക്കിയപ്പോൾ അത് ജനം നടന്നുപോകുന്നതാണെന്ന് കണ്ടെത്തി.
ഇവന്മാർക്ക് ഇത്രയ്ക്ക് അഹങ്കാരമോ എന്ന് മഹാസാധു സഖാവ് ചിന്തിച്ചിട്ടില്ല. പാർട്ടി ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്ന് ചിന്തിച്ചത് അങ്ങനെയായിരുന്നു. ജനത്തിന്റെ മനസ് വായിച്ചെടുക്കുക അത്ര എളുപ്പമല്ലാത്തത് കൊണ്ടാണ് കോടിയേരി സഖാവ് തന്നെ അതിരാവിലെ മുണ്ടും തോർത്തുമായി വീട് വീടാന്തരം കയറിത്തുടങ്ങിയത്. 'വീട് വീടാകാൻ സഖാവ്, വീട് വീടാന്തരം സഖാവ് " എന്ന മട്ടിൽ പരസ്യവാചകത്തിലെ പോലെയായിരുന്നു അന്നേരം കോടിയേരി സഖാവിന്റെ നില്പ്.
വീട് കയറിയിറങ്ങാതെ തന്നെ ഓരോ വീട്ടുകാരുടെയും മനസ് അരിച്ചുപെറുക്കാൻ പിണറായി സഖാവിനുള്ള കെല്പ് അപാരമാണെന്ന് ആർക്കാണറിയാത്തത്! അങ്ങനെ ആറ്റിങ്ങലിലെ ജനവികാരം മാനിച്ചാണ് സമ്പത്ത് സഖാവിനെ ഡൽഹിയിലെ കേരളമന്ത്രിയാക്കിയത്. പിണറായി സഖാവിന് വഴി പോകാൻ അരക്കിലോമീറ്റർ അകലെ ആളുകളെയത്രയും തടഞ്ഞുവയ്ക്കുന്നതും ജനവികാരം മാനിക്കുന്നത് കൊണ്ട് മാത്രമാണ്. ജനത്തിൽ നിന്ന് അകലുന്തോറുമാണ് കൂടുതൽ അടുക്കുകയെന്നതിലും ഒരു വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമുണ്ടെന്ന് മനസിലാക്കുക.
ഇ-മെയിൽ: dronar.keralakaumudi@gmail.com