കണ്ണൂർ: തനിക്ക് കൂടി അവകാശപ്പെട്ട നികുതിപ്പണം ഉപയോഗിച്ച് തന്റെ മകന്റെ കൊലയാളികളെ സംരക്ഷിക്കരുതെന്ന് മട്ടന്നൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. ഷുഹൈബിന്റെ കൊലപാതക കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഡിവിഷൻ ബെഞ്ച് ഇന്നലെ ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് പറഞ്ഞു. നീതി ലഭിക്കുംവരെ തന്റെയും കുടുംബത്തിന്റെയും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സി.ബി.ഐയെ ഭയപ്പെടുകയാണ്. സി.ബി.ഐ വന്നുകഴിഞ്ഞാൽ മുഴുവൻ പ്രതികളും പിടിക്കപ്പെടുമെന്ന് സി.പി.എമ്മിനും അവരുടെ സർക്കാരിനും നന്നായി അറിയാം. അതാണ് ഈ വെപ്രാളത്തിന് പിന്നിലുള്ളത്. അല്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തെ എന്തിനാണ് സി.പി.എമ്മും സർക്കാരും എതിർക്കുന്നത്. സർക്കാർ എത്ര കോടി ചെലവാക്കിയാലും ഞങ്ങൾക്ക് നീതി ലഭിക്കും. സുപ്രീംകോടതിയിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ. നീതി കിട്ടുമെന്ന ഉറച്ച വിശ്വാസമുണ്ട്.
അന്തസ്സുള്ളവരാണെങ്കിൽ സ്വന്തം പാർട്ടി ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് കൊലയാളികളെ സംരക്ഷിക്കാൻ തയാറാകേണ്ടിയിരുന്നത്. ഖജനാവിലെ പണത്തിൽ എനിക്കും പങ്കുണ്ട്. ഇവിടത്തെ ഓരോരുത്തർക്കും അതിന് അവകാശമുള്ളതാണ്. ഈ സർക്കാരിൽനിന്ന് ഇന്നേവരെ ഒരു നീതിയും ലഭിച്ചിട്ടില്ല. ഇനി അത് പ്രതീക്ഷിക്കുന്നുമില്ല. മകൻ പോയ വേദന ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാനും കുടുംബവും. അതിനിടെയാണ് സർക്കാർ കാട്ടുന്ന നീതികേടെന്നും മുഹമ്മദ് 'ഫ്ളാഷി'നോട് പറഞ്ഞു.
കുടുംബത്തിന് മാത്രമല്ല, നാടിനും ജനങ്ങൾക്കും അവൻ വലിയ ഉപകാരിയായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് അവർ ഇപ്പോൾ ചെയ്യുന്നതെന്താണ്? സർക്കാർ പ്രതിനിധിയോ, പാർട്ടിയുമായി ബന്ധമുള്ള ഒരു അംഗംപോലും ഞങ്ങളെ ആശ്വസിപ്പിക്കാൻ ഇതേവരെ വന്നിട്ടില്ല. ഒരു ആനുകൂല്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടിയിട്ടുമില്ല.
എന്റെ പൊന്നുമോനായിരുന്നു കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. അവനെയല്ലേ ഇല്ലാതാക്കിയത്. ഞങ്ങൾക്ക് കൊലയിൽ പങ്കില്ലെന്ന് പറഞ്ഞ സി.പി.എം, കൊലയാളികളെ പിടികൂടിയപ്പോൾ അവരെ പാർട്ടിയിൽനിന്ന് പുറത്താക്കി മുഖം രക്ഷിക്കുകയായിരുന്നു. എന്നിട്ട് ഇപ്പോഴും കൊലയാളികൾക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുന്നത് ആരാണ്? സി.പി.എമ്മും അവരുടെ സർക്കാരുമല്ലേ? പകൽപോലെ വ്യക്തമല്ലേ കാര്യങ്ങളെന്നും മുഹമ്മദ് പറഞ്ഞു.
2018 ഫെബ്രുവരി 12നാണ് എടയന്നൂർ തെരൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഷുഹൈബിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.