മെഡിക്കൽ കോളേജ് പ്രൊഫസറുടെ നിരാശ നിറഞ്ഞ നിരീക്ഷണം തുടരുന്നു:
''നമ്മുടെ മെഡിക്കൽ സയൻസിലെ ടെക്നോളജി വളരെ വികസിച്ചിരിക്കുന്നു. ഒപ്പം നീതിബോധം ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. ഇപ്പറഞ്ഞ വികസനത്തിന്റെ ഫലമായി മനുഷ്യന്റെ ശരാശരി ആയുസിന് നീളം കൂടി വരുന്നു. എന്നു പറഞ്ഞാൽ അർത്ഥം, വൃദ്ധജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നാണ്. കുടുംബങ്ങളെല്ലാം അണുകുടുംബങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നതിനാൽ ഈ വൃദ്ധജനങ്ങളെ പരിരക്ഷിക്കാൻ ആരുമില്ല. സമൂഹത്തിന് ഇതൊരു വലിയ ബാദ്ധ്യതയായി വന്നിരിക്കുന്നു. വൃദ്ധസദനങ്ങളുടെയും പകൽവീടുകളുടെയും എണ്ണം കൂടിക്കൂടി വരുന്നു. ഇനിയൊരു ഇരുപതു വർഷം കൂടി കഴിഞ്ഞാൽ, നമ്മൾ കണ്ടുമുട്ടുന്ന നാലുപേരിൽ ഒരാൾ കിഴവനോ കിഴവിയോ ആയിരിക്കും. ഈ പ്രതിഭാസം നേട്ടമാണോ കോട്ടമാണോ? മെഡിക്കൽ സയൻസിന്റെ ദൃഷ്ടിയിൽ നേട്ടം. സാമൂഹികമായി നോക്കിയാൽ കോട്ടം!
''മരണം സർവസാധാരണമായി ഉണ്ടെങ്കിലും സ്വാഭാവികമരണം ഇന്ന് അസാധാരണമായിരിക്കുന്നു. പ്രകൃതിയിലെ എല്ലാ ജീവികളും പ്രകൃതി നിയമമനുസരിച്ച് സ്വാഭാവികമായി മരണമടയുന്നു. മനുഷ്യന്റെ ആയുസിനെ മാത്രം മെഡിക്കൽ സയൻസിന്റെ സഹായത്തോടെ വലിച്ചു നീട്ടിക്കൊണ്ടുപോകുന്നു. ആയുസ് ഒരിടത്തു തുടങ്ങി മറ്റൊരിടത്ത് അവസാനിക്കേണ്ടതാണെന്ന് അറിയാമെന്നുണ്ടെങ്കിലും വൃദ്ധജനങ്ങളുടെ ആയുസ് കൃത്രിമമായി വലിച്ചുനീട്ടി അവരെത്തന്നെ പീഡിപ്പിക്കുന്നു. എന്തിനുവേണ്ടി? പിൻതലമുറക്കാർക്ക് സ്വന്തം സാമ്പത്തികശേഷിയിൽ അഹങ്കരിക്കാനും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും വേണ്ടി. എന്തുകൊണ്ട് സ്വാഭാവികമായ മരണത്തെ അംഗീകരിച്ചുകൂടാ? അങ്ങനെ അംഗീകരിക്കുന്നത് വൃദ്ധജനങ്ങളോടും രാജ്യത്തോടും മനുഷ്യരാശിയോടു പൊതുവേയും ചെയ്യുന്ന ഒരു നന്മയായിരിക്കും."
ഡോക്ടർ ഇതൊക്കെ എന്നോടു പറയുന്നത് സ്വന്തം കുടുംബത്തിലെ ഒരു വൃദ്ധയെ എന്റെ സമീപം ഇരുത്തിക്കൊണ്ടാണ്. യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന അവർക്ക് ഇപ്പോൾ അക്ഷരങ്ങൾ കൂട്ടി വായിക്കാൻപോലും അറിഞ്ഞുകൂടാ. അത്രയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടായപ്പോൾ കൊണ്ടുവന്നതാണ്. ഇതിൽനിന്ന് അവരെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു ശ്രമവും ഈ ഡോക്ടർ നടത്തുന്നില്ല. അവർക്കു മനോവേദനയുണ്ടാക്കുന്ന എന്തെങ്കിലും അവരോടു പറയാതിരിക്കാൻ പോലും ഇവർ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമരണം സംഭവിച്ചുകൊള്ളട്ടെ എന്നാണ് തീരുമാനം.
സ്വന്തം ബന്ധുക്കളായ വൃദ്ധജനങ്ങളോടു ഇങ്ങനെയൊരു സന്മനോഭാവം കാണിക്കാനുള്ള ധൈര്യം എത്രപേർക്കുണ്ടാവും?