റോഡപകടങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പൊലീസും ഗതാഗത വകുപ്പും തുടർച്ചയായ വാഹനപരിശോധനയ്ക്ക് ഇറങ്ങാനിരിക്കെയാണ് തലസ്ഥാനനഗരിയിൽ വെള്ളിയാഴ്ച അർദ്ധരാത്രി യുവമാദ്ധ്യമപ്രവർത്തകനായ കെ.എം. ബഷീർ യുവ ഐ.എ.എസ് ഒാഫീസർ ഒാടിച്ചിരുന്ന കാറിടിച്ച് മൃതിയടഞ്ഞത്. പബ്ളിക് ഒാഫീസിനു മുന്നിലെ തീർത്തും വിജനമായിരുന്ന റോഡിൽ നട്ടപ്പാതിരയ്ക്കുണ്ടായ അപകടത്തിൽ നഷ്ടമായത് വീടിനും നാടിനും വിലപ്പെട്ട ഒരു ജീവനാണ്. ആറും അരവയസും മാത്രം പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ജീവിതത്തിന്റെ ആദ്യപടവുകൾ മാത്രം എത്തിയ ഭാര്യയും അടങ്ങുന്ന ബഷീറിന്റെ കൊച്ചുകുടുംബത്തിന്റെ വിളക്കാണ് മദ്യം തലയ്ക്കു പിടിച്ച് സമനിലതെറ്റിയ ഡ്രൈവിംഗിന്റെ ഫലമായി അണഞ്ഞുപോയത്.
കാർ ഒാടിച്ചിരുന്ന സർവേ ഡയറക്ടർ ശ്രീറാംവെങ്കിട്ടരാമൻ പൂർണമായും മദ്യലഹരിയിലായിരുന്നുവെന്നാണ് അപകടം നടന്നപാടെ ഒാടിയെത്തിയ ആട്ടോക്കാർ ഉൾപ്പെടെയുള്ള ഏതാനും ദൃക്സാക്ഷികളുടെ മൊഴി. പൊലീസും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യലഹരിയിൽ വാഹനം ഒാടിക്കുന്നത് ശിക്ഷാർഹമാണെന്ന് അറിയാത്ത ആളൊന്നുമല്ല രണ്ടാം റാങ്കോടെ ഐ.എ.എസ് നേടിയ ശ്രീറാംവെങ്കിട്ടരാമൻ. കേരളത്തിലെ യുവതീയുവാക്കളുടെ ആരാധനാപാത്രമായ അദ്ദേഹം കാരണം ഇത്തരത്തിലൊരു അപകടമുണ്ടായതും ശോഭനമായൊരു ഭാവിയുണ്ടായിരുന്ന യുവ മാദ്ധ്യമപ്രവർത്തകന് ജീവൻ നഷ്ടപ്പെട്ടതും നിർഭാഗ്യകരവും ദാരുണവുമായ സംഭവം തന്നെയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒൗദ്യോഗിക ജീവിതത്തിൽ ജീവനുപോലും ഭീഷണിയുണ്ടായിട്ടും കൈക്കൊണ്ട ധീരമായ നടപടികളുടെ പേരിൽ ജനങ്ങളുടെ സ്നേഹാദരങ്ങളും അനുമോദനങ്ങൾക്കും അർഹനായ സമർത്ഥനായ ഒാഫീസറാണ് അദ്ദേഹം. ജീവിത വിജയത്തിനുള്ള മത്സരപാതയിൽ മാതൃകയായി ഏവരും ചൂണ്ടിക്കാണിക്കാറുള്ള ഒരു യുവ ഐ.എ.എസുകാരൻ ലക്കുകെട്ട് കാറോടിച്ച് അപകടം വരുത്തിവച്ചത് ഗൗരവമായിത്തന്നെ കാണണം. ഗതാഗത നിയമത്തെക്കുറിച്ചും പൊതുനിരത്തിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും അറിയാവുന്ന ആളാണ് ശ്രീറാം വെങ്കിട്ടരാമൻ. നിയമം ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അതുപോലെ മദ്യലഹരിയിൽ വാഹനം ഒാടിച്ചാലുണ്ടാകാവുന്ന ആപത്ത് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തിട്ടുള്ള അദ്ദേഹത്തിന് നന്നായി അറിയാം. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിന് നേരത്തെയും പൊലീസിന്റെ കാമറയിൽ കുടുങ്ങിയതിന്റെ വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന് കാരണക്കാർ ഐ.എ.എസ് ഉദ്യോഗസ്ഥനും വനിതാ സുഹൃത്തുമാണെന്ന് മനസിലാക്കിയതോടെ രംഗത്തെത്തിയ പൊലീസുകാർ യാത്രികരെ തന്ത്രപൂർവം 'രക്ഷിക്കാൻ" നടത്തിയ ശ്രമം ഏറെ വിവാദം ഉയർത്തുകയുണ്ടായി. അപകടസ്ഥലത്തുനിന്ന് വനിതാ സുഹൃത്തിനെ ടാക്സി വിളിപ്പിച്ച് പറഞ്ഞുവിട്ടതും ദുരൂഹമാണ്. കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനല്ലെന്നു വരുത്തിത്തീർക്കാനും ആദ്യം ശ്രമം നടന്നതാണ്.വിവരമറിഞ്ഞ് തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ ഒാടിയെത്തിയില്ലായിരുന്നുവെങ്കിൽ കഥ പൊലീസ് ചമച്ചപടിയാകുമായിരുന്നു. അപകടം ആരും മനഃപൂർവം ഉണ്ടാക്കുന്നതല്ലെന്നറിയാം. എന്നാൽ സംഭവിച്ചുപോയ അപകടത്തിൽനിന്ന് ഉന്നതനെ രക്ഷിക്കാൻ നിയമപാലകർ കൂട്ടുനിൽക്കാൻ പാടില്ലാത്തതാണ്. ഉന്നതന്റെ മുൻപിൽ വളയുന്ന നിയമമല്ല രാജ്യത്തിനാവശ്യം.
നഗരത്തിലെ സുരക്ഷാമേഖലകളിൽപ്പെട്ട മ്യൂസിയം റോഡിലാണ് മാദ്ധ്യമ പ്രവർത്തകന്റെ ജീവനെടുത്ത അപകടം നടന്നത്. കാർ ഒാടിച്ചിരുന്നയാളെ ഉറപ്പിക്കാൻ ആദ്യം ആശ്രയിക്കാറുള്ളത് റോഡിൽ സ്ഥാപിച്ചിട്ടുള്ള കാമറകളെയാണ്. എന്നാൽ അവയിൽ പലതും പതിവുപോലെ പ്രവർത്തിക്കാത്തവയാണെന്ന് ബോദ്ധ്യമായി. ഇതുപോലുള്ള അപകടങ്ങളോ തെളിവുകൾ ആവശ്യമായി വരുന്ന കേസുണ്ടാകുമ്പോഴോ ആണ് കാമറകളിലെ ദൃശ്യങ്ങൾ ആവശ്യമായിവരുന്നത്. നൂറുകണക്കിന് കാമറകൾ സ്ഥാപിച്ച് നഗരത്തിൽ പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ചുമതലപ്പെട്ടവർ പറയാറുള്ളത്. അടിയന്തര സന്ദർഭങ്ങളിൽ കാമറാ ദൃശ്യങ്ങൾ ആവശ്യമായിവരുമ്പോഴാണ് അവയുടെ യഥാർത്ഥ അവസ്ഥ മനസിലാകുക.
റോഡപകടങ്ങളിൽ സംസ്ഥാനത്ത് ഒരുദിവസം ശരാശരി പന്ത്രണ്ടുപേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിലേറെയും ഡ്രൈവിംഗിലെ അശ്രദ്ധയോ അഹങ്കാരമോ കാരണം ഉണ്ടാകുന്നവയാണ്. രാത്രികാല അപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണം മദ്യപാനമാണെന്നും പഠനങ്ങൾ പറയുന്നു. മദ്യലഹരിയിൽ അർദ്ധരാത്രി അമിത വേഗത്തിൽ പായുന്നതിനിടെ ഉന്നത ഉദ്യോഗസ്ഥൻ ഇടിച്ചുതെറിപ്പിച്ച പാവം ഒരു യുവാവിന്റെ കുടുംബത്തിന് നേരിട്ട തീർത്താൽ തീരാത്ത നഷ്ടത്തിന് ആര് ഉത്തരം പറയും? നിയമവും ചട്ടവും പാലിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നവരാണല്ലോ ഭരണത്തിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥർ. ഐ.എ.എസ് പെരുമയുള്ളതിനാൽ മദ്യപിച്ച് പിടികൂടിയാലും പൊലീസ് വെറുതേ വിട്ടെന്നുവരും. എന്നാൽ അപകടമുണ്ടാക്കി വഴിയേ പോയ ആളെ കൊന്നാൽ കുടുങ്ങുക തന്നെ ചെയ്യും. പൊലീസ് വിചാരിച്ചാലും കേസ് പിറകേ തന്നെ എത്തും. പ്രത്യേകിച്ചും ജനങ്ങൾ സദാ കണ്ണും കാതും തുറന്നുതന്നെ ഇരിക്കുന്നതിനാൽ. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് അതീവ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യണം . അതോടൊപ്പം ആ വേർപാടിലൂടെ നിരാലംബമായ കുടുംബത്തെ സഹായിക്കാനുള്ള സൻമനസും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.