പാറശാല: അതിർത്തിപ്രദേശങ്ങളിൽ നിന്നെത്തുന്ന കഞ്ചാവുത്പന്നങ്ങൾ, പാറശാലയെ ലഹരിയുടെ പിടിയിലമർത്തുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബേക്കറികൾ, ശീതളപാനീയ വില്പനകേന്ദ്രങ്ങൾ, മൊബൈൽ ഷോപ്പുകൾ, ചില തട്ടുകടൾ തുടങ്ങിയ കേന്ദ്രീകരിച്ചാണ് വില്പന പൊടിപൊടിക്കുന്നത്.
പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ, ആശുപത്രി ജംഗ്‌ഷൻ എന്നിവിടങ്ങളിലെ ചില കടകൾ, പാറശാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പിറകുവശം, ഗാന്ധി പാർക്ക് ജംഗ്‌ഷൻ, ചെറുവാരക്കോണം, മുണ്ടപ്ലാവിള ജംഗ്‌ഷൻ, കാരാളി പുതുക്കുളത്തിന് സമീപം, ഇലങ്കം ക്ഷേത്രത്തിന് സമീപം, ബ്ലോക്ക് ഓഫീസ് പരിസരം, ഇഞ്ചിവിള, നടുത്തോട്ടം ചർച്ചിന് സമീപം തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന്റെ കേന്ദ്രമായി മാറുന്നത്.
പാറശാലയിലുള്ള നാല് ഹയർ സെക്കൻഡറി സ്‌കൂളുകൾ, ലാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളിൽ പലരും കഞ്ചാവുമായി എത്തുന്നുവെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധനകൾ നടക്കുന്നത്. ഇതിനോടകം തന്നെ എക്സൈസ് അധികൃതർ കഞ്ചാവുമായി നിരവധിപേരെ പിടികൂടിയിട്ടുണ്ട്.
കഞ്ചാവിന് പുറമെ ഗുണ്ടാവിളയാട്ടവും
പാറശാല ഗ്രാമപഞ്ചായത്തിലെ ഇഞ്ചിവിള, നടുത്തോട്ടം വാർഡുകളിൽ ഗുണ്ടാവിളയാട്ടം വർദ്ധിച്ചുവരുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. ഇക്കൂട്ടർക്കെതിരെ ഏത് കേസെടുത്താലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപെടുന്നതായാണ് വിവരം.
തമിഴ്നാട്ടിൽ ഈസിയായി ഊരാം
തമിഴ്‌നാട്ടിൽ കഞ്ചാവിനെതിരെ പൊലീസിന്റെ പ്രവർത്തനം ശക്തമല്ലാത്തത് കൊണ്ട് അതിർത്തിക്ക് അടുത്ത ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയാ സംഘങ്ങൾ പ്രവർത്തിച്ച് വരുന്നത്. കളിയിക്കാവിള ആർ.സി.സ്ട്രീറ്റ്, പി.പി.എം ജംഗ്‌ഷൻ, പടന്താലുംമൂട്, കോഴിവിള എന്നിവിടങ്ങൾ ആണ് മാഫിയാ സംഘങ്ങളുടെ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരികയാണെങ്കിലും കേരളത്തിലെ എക്‌സൈസിന് ഈ പ്രദേശങ്ങളിൽ എത്തി പരിശോധന നടത്താൻ കഴിയില്ല.
പ്രതികരണം: ''പാറശാലയിൽ കടകൾ തോറും വ്യാപിച്ചു വരുന്ന കഞ്ചാവ് വിപണനം തടയുന്നതിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിനും ബന്ധപ്പെട്ട എക്സൈസ്, പൊലീസ് അധികാരികൾ അടിയന്തരനടപടികൾ കൈക്കൊള്ളണം. "- കെ. അനിൽകുമാർ,
സിറ്റിസൺസ് നെറ്റ്‌വർക്ക് ഫോർ സോഷ്യൽ ഡിഫൻസ്,
പാറശാല