പാലോട്: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ടു വയസുള്ള കുഞ്ഞുമായി രക്ഷപ്പെട്ട ഇടിഞ്ഞാർ മുത്തിപ്പാറ സ്വദേശി പ്രീതിക്ക് സ്നേഹ സാന്ത്വനവുമായി പാലോട് ജനമൈത്രി പൊലീസ്. കാട്ടാനയുടെ ആക്രമണത്തിൽ പ്രീതി താമസിച്ചിരുന്ന കുടിലും വീട്ടു സാധനങ്ങളും പൂർണമായി നശിച്ചിരുന്നു. പാലോട് പരിധിയിലെ ഇടിഞ്ഞാറിൽ ഉണ്ടായ ഈ സംഭവം അറിഞ്ഞയുടൻ തന്നെ സഹായവുമായി ആദ്യം ഓടിയെത്തിയത് ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. പാലോട് എസ്.എച്ച്.ഒ സി.കെ മനോജ്, എസ്.ഐ.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലോട് വ്യാപാരി വ്യവസായി യൂണിറ്റുമായി സഹകരിച്ച് വീട്ടിലേക്കാവശ്യമായ സാധനങ്ങൾ എത്തിക്കുകയായിരുന്നു.വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ്,എസ്.സി എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേരിട്ടെത്തിയാണ് സഹായങ്ങൾ കൈമാറിയത്. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നൂറ് ആദിവാസി കുട്ടികൾക്ക് പഠനസഹായവും നൽകിയിരുന്നു.