anganwadi
anganwadi

ഈ സാമ്പത്തിക വർഷം 210 സ്മാർട്ട് അംഗൻവാടികൾ

തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അംഗൻവാടികളെ ശാക്തീകരിച്ച് സ്മാർട്ടാക്കും. അംഗൻവാടികളെ ഉന്നത നിലവാരത്തിലാക്കി മാറ്റാനുള്ള നൂതന സംരംഭമാണ് സ്മാർട്ട് കെട്ടിട നിർമ്മാണം.
ഇൗ സാമ്പത്തികവർഷം സംസ്ഥാനത്ത് 210 സ്മാർട്ട് അംഗൻവാടികളാണ് നിർമ്മിക്കുക. സംസ്ഥാന നിർമ്മിതി കേന്ദ്രവും കോളേജ് ഒഫ് ആർക്കിടെക്ചറും ചേർന്ന് സ്ഥാപിച്ച ലാറി ബേക്കറിന്റെ പേരിലുള്ള കാറ്റ് ലാബിഷാസ് ഡിസൈൻ ലാബിലാണ് ഇതിന്റെ മാതൃകകൾ ഡിസൈൻ ചെയ്തത്.
വ്യത്യസ്ത വിസ്തൃതിയിലുള്ള 6 കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതൽ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് ഡിസൈൻ. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ളവയ്ക്ക് നീന്തൽക്കുളം, ഉദ്യാനം, ഇൻഡോർ ഔട്ട് ഡോർ കളിസ്ഥലങ്ങൾ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് അംഗൻവാടി കെട്ടിടനിർമ്മാണത്തിന്റെയും ലോക മുലയൂട്ടൽ വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4 ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.