basheer-k-m-accedent
basheer k m accedent

തിരുവനന്തപുരം: ദേഹപരിശോധന നടത്തിയ ഡോക്ടറും കേസ് ഷീറ്റ് എഴുതിയ ക്രൈം എസ്.ഐയും ശ്രീറാമിന് മദ്യഗന്ധമുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളിൽ എഴുതിയാലും അത് കേസിൽ തെളിവാകില്ല. താൻ ഉപയോഗിച്ച, ആൽക്കഹോൾ അംശം കൂടിയ പെർഫ്യൂമിന്റെ മണമായിരുന്നു അതെന്ന് ശ്രീറാമിന് വാദിക്കാം.ചുമയ്‌ക്കുള്ള സിറപ്പുകളും മറ്റു ചിലയിനം മരുന്നുകളും കഴിച്ചാലും ശരീരത്തിൽ ആൽക്കഹോളിന്റെ ഗന്ധമുണ്ടാകും. ഇതെല്ലാം പ്രതിക്കു രക്ഷപെടാനുള്ള പഴുതുകളാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റത്തിന് ദിവസവും പത്തിരുപതു പേരെയെങ്കിലും പിടികൂടി രക്തപരിശോധന നടത്തിക്കുന്ന മ്യൂസിയം പൊലീസ് ആണ് ശ്രീറാം മദ്യപിച്ചിരുന്നെന്ന് വ്യക്തമായിട്ടും 10 മണിക്കൂർ സമയം രക്തപരിശോധന നടത്താതിരുന്നത്.

. സമയം കഴിയുന്തോറും രക്തത്തിലെ ആൽക്കഹോളിന്റെ അളവ് കുറഞ്ഞുവരികയും പിന്നീട് തീരെ ഇല്ലാതാവുകയും ചെയ്യും. ശ്വസനത്തിലൂടെയും വിയർപ്പിലൂടെയും മൂത്രം വഴിയും രക്തം ആൽക്കഹോളിന്റെ അംശത്തെ പുറന്തള്ളും. തുട‌ർച്ചയായി മദ്യപിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് ദീർഘമണിക്കൂറുകൾ കൂടിയ അളവിൽ ആൽക്കഹോൾ രക്തത്തിലുണ്ടാവുക.ശരീരത്തിലെ ജലാംശം കൂടിയാലും രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയും. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കിടെ ശ്രീറാമിന് ഡ്രിപ്പ് നൽകുകയും ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുകയും ചെയ്‌തിരുന്നു. ഡോക്‌ടർ കൂടിയായ ശ്രീറാം, കൈക്കു പരിക്കേറ്റ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് അപകടം നടന്നയുടൻ പറഞ്ഞതും ഇതു ലക്ഷ്യമിട്ടു തന്നെ.

മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയാൽ ആദ്യ പൊലീസ് നടപടി രക്തപരിശോധനയാണ്. പത്തു മണിക്കൂറിനു ശേഷം ശേഖരിച്ച ശ്രീറാമിന്റെ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് നന്നേ കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. .