kallambalam-jn

കല്ലമ്പലം: വളരെ പ്രധാനപ്പെട്ട വ്യാപാര വാണിജ്യ കേന്ദ്രമായതും ശിവഗിരിയിലേക്ക് തിരിയുന്ന പ്രധാന ജംഗ്ഷൻ കൂടിയായ കല്ലമ്പലം ജംഗ്ഷനോടുള്ള അവഗണന തുടരുകയാണ്. അവഗണനയോടൊപ്പം കല്ലമ്പലത്തെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിംഗും കൂടിയായപ്പോൾ ജംഗ്ഷൻ വീർപ്പുമുട്ടാൻ തുടങ്ങി.യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്നതുമൂലം റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് കാൽ നടയാത്രികർ അപകടത്തിൽ പെടുന്നതിന് കാരണമാകുന്നു. ഏറെനാളായി നാട്ടുകാരെയും യാത്രക്കാരെയും അലട്ടുന്ന അഴിയാക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണാ൯ അധികൃതർക്കാകുന്നില്ല.കരവാരം, നാവായിക്കുളം,ഒറ്റൂർ തുടങ്ങി മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കല്ലമ്പലം പഞ്ചായത്തുകളുടെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും പഞ്ചായത്തുകൾ കല്ലമ്പലത്തെ അവഗണിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ നിത്യേന വന്നുപോകുന്ന കല്ലമ്പലത്ത് മൂത്ര ശങ്ക മാറ്റാ൯ പോലും ഇടമില്ല. സിഗ്നൽ ലൈറ്റുകൾ വെറും നോക്കുകുത്തിയായി മാറിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. കല്ലമ്പലം ജംഗ്ഷനിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണ്. വശങ്ങളിലൂടെയോ റോഡിലൂടെയോപോലും നടക്കാ൯ കഴിയില്ല. ഏതുവഴി നടന്നാലും നാലുപാടും നോക്കിയില്ലെങ്കിൽ അപകടം ഉറപ്പ്. അപകടങ്ങളിൽ പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രികരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും മൂലം ഗതാഗതം വരെ മണിക്കൂറുകൾ തടസപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ ജെ.ജെ ആഡിറ്റോറിയത്തിനുമുന്നിൽ അപകടത്തിൽപ്പെട്ട കാറിലെയും ബൈക്കിലെയും യാത്രികർ തമ്മിൽ തല്ലിയതുമൂലം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് റോഡിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. കല്ലമ്പലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

കിളിമാനൂരിൽ നിന്നും വെള്ളല്ലൂർ വഴി കല്ലമ്പലത്തെത്തുന്ന റോഡും കിളിമാനൂർ പോങ്ങനാട് വഴി കല്ലമ്പലത്തെത്തുന്ന റോഡും സന്ധിക്കുന്നത് കല്ലമ്പലം ജംഗ്ഷനിലാണ്. വർക്കല റോഡും അറ്റിങ്ങലിൽ നിന്നും പാരിപ്പള്ളിയിലേക്ക് കടന്നു പോകുന്ന ദേശീയ പാതയും ഇവിടെ സന്ധിക്കുന്നു..

തിരക്ക് കൂടാൻ കാരണം

വ്യാപാര സ്ഥാപനങ്ങൾ അനവധി

ബസ് ബേയുടെ അഭാവം

റോഡിലെ വഴിവാണിഭം

അനധികൃത പാർക്കിംഗ്

സിഗ്നൽ സംവിധാനത്തിന്റെ തകരാർ

വർക്കല റോഡ്

ദേശീയപാത

കിളിമാനൂർ റോഡ് എന്നീ റോഡുകൾ കടന്നു പോകുന്ന ജംഗ്ഷൻ

ജംഗ്ഷനിൽ സന്ധിക്കുന്ന റോഡുകൾ 4

കല്ലമ്പലം ജംഗ്ഷനിൽ മാത്രം കഴിഞ്ഞ മാസം നടന്ന അപകടങ്ങൾ : 18