manali

വിതുര: പാലം എന്ന മണലി നിവാസികളുടെ ചിരകാലാഭിലാഷം ഒടുവിൽ പൂവണിയുന്നു. പുതിയ പാലം നിർമ്മിക്കുന്നതിനായി കെ.എസ്. ശബരീനാഥൻ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. വാമനപുരം നദിയിൽ വിതുര ആനപ്പാറ മണലിയിൽ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1992ൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന പാലം ഒലിച്ചുപോയിരുന്നു. പാലം നഷ്ടപ്പെട്ടതോടെ മണലിനിവാസികൾ ആറ്റിൽ നീന്തിക്കയറേണ്ട അവസ്ഥയിലുമായി. വിദ്യാർത്ഥികൾ വരെ ആറ്റിൽ നീന്തിക്കയറിയാണ് സ്കൂളുകളിൽ എത്തിയിരുന്നത്. മാത്രമല്ല ആറ് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അനവധി ജീവനുകളും പൊലിഞ്ഞു. ഒഴുക്കിൽപ്പെട്ട നിരവധി പേരെ മണലൂറ്റ് തൊഴിലാളികൾ രക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായപ്പോൾ നാട്ടുകാർ കാട്ടുകമ്പും തടിയും ഉപയോഗിച്ച് താത്കാലിക പാലം നിർമ്മിച്ചാണ് വർഷങ്ങളോളം സഞ്ചരിച്ചിരുന്നത്. ഈ പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയിലും അനവധി പേർ നദിയിൽ വീണ് മരണപ്പെട്ടു. ഇതോടെ ഇൗ പാലവും നാട്ടുകാർ ഉപേക്ഷിച്ചു. തുടർന്ന് വർഷങ്ങൾക്ക് ശേഷം വിതുര പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിക്കുകയും ഇരുമ്പ് ഷീറ്റുകൊണ്ട് താത്കാലിക പാലം നിർമ്മിക്കുകയും ചെയ്തു. ഇൗ പാലത്തിലൂടെയാണ് മണലി നിവാസികൾ ഇപ്പോൾ സഞ്ചരിക്കുന്നത്. ഇൗ പാലവും അപകടാവസ്ഥയിലാണ്. വാഹനങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും വിലക്ക് ലംഘിച്ച് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതായും പരാതിയുണ്ട്.

1992ൽ ഇവിടെ ഉണ്ടായിരുന്ന പാലം ഒലിച്ചുപോയിരുന്നു

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് താത്കാലിക പാലം നിർമ്മിച്ചത്

അതും ഫലപ്രദമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ഫണ്ടിൽ ഇരുമ്പ് പാലം നിർമ്മിച്ചു

ഇപ്പോൾ അതും അപകടാവസ്ഥയിലാണ്

സമരപെരുമഴ

മണലിയിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സമൂഹം നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. അധികാരികൾക്ക് നിരവധി നിവേദനങ്ങളും നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്കരണം വരെ നടത്തി. പാലം ഇല്ലാത്തതിനാൽ ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്തകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുൻപ് ഫണ്ട് അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല.

 അനുവദിച്ചത് -2.10 കോടി രൂപ

എം.എൽ.എ ഫണ്ടിൽ നിന്ന് -40 ലക്ഷം രൂപ