തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വെള്ളിയാഴ്ച അർദ്ധരാത്രി വാട്സ് ആപ് സന്ദേശമയച്ചാണ് തന്നെ നഗരത്തിലേക്ക് വിളിച്ചുവരുത്തിയതെന്ന് കാറിൽ ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസ് പൊലീസിന് നൽകിയ മൊഴി. കവടിയാറിൽ കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ കാറുമായി എത്തിയത്. മദ്യലഹരിയിലായിരുന്ന ശ്രീറാം നിർബന്ധപൂർവം വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി അമിതവേഗത്തിൽ പി.എം.ജി ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കാർ താൻ ഓടിക്കാമെന്ന് പറഞ്ഞിട്ടും വകവച്ചില്ല.
ബന്ധം തുടങ്ങിയത്
ഫേസ്ബുക്കിൽ
ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് ആരാധന തോന്നി ഫേസ്ബുക്ക് വഴിയാണ് രണ്ടുവർഷം മുൻപ് സുഹൃത്തുക്കളായത്. വിവാഹിതയായ ഇവർ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണു നാട്ടിലെത്തിയത്. തിരുവനന്തപുരം- കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബ വീട്. ഇവിടുത്തെ വിലാസത്തിലാണ് അപകടത്തിൽ പെട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്.
ഫോക്സ് വാഗൺ കാറിന്
അമിത വേഗത്തിന് പിഴ
നേരത്തേ മൂന്നുവട്ടം വഫയുടെ പേരിലുള്ള കെ.എൽ 01-ബി.എം 360 ഫോക്സ് വാഗൺ കാറിന് മോട്ടോർ വാഹന വകുപ്പ് അമിത വേഗത്തിന് പിഴ ചുമത്തിയിരുന്നു. അപകടമുണ്ടായപ്പോൾ കാറോടിച്ചത് താനാണെന്ന് പൊലീസിനോട് പറയാൻ ശ്രീറാം നിർബന്ധിച്ചെന്നും മൊഴിയിലുണ്ട്. പൊലീസിന്റെ ആവശ്യപ്രകാരം വഫയുടെ രഹസ്യമൊഴി ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) അനിൽ ഇന്നലെ രേഖപ്പെടുത്തി. വഫയെ കേസിൽ സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
വഫയ്ക്ക് ഉന്നത ബന്ധങ്ങൾ
വഫയ്ക്ക് നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി ഉറ്റബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഇവരാണ് സഹായം ചെയ്തത്. കാറിൽ പട്ടം മരപ്പാലത്തെ തന്റെ ഫ്ളാറ്റിലേക്കു പോകുകയായിരുന്നുവെന്നാണ് വഫയുടെ മൊഴിയെന്നും കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു. വഫയുമായി ക്ലബിൽ ഉല്ലസിച്ച് മടങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. രാത്രി എട്ടരയോടെ ക്ലബിലെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ളബിലും പരിസരത്തും ചുറ്രിക്കറങ്ങുകയും ചെയ്തശേഷമാണ് രാത്രി വൈകി കാറിൽ മടങ്ങിയത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. രണ്ടുവർഷത്തോളമായി ലണ്ടനിൽ ഉപരിപഠനത്തിലായിരുന്ന ശ്രീറാം കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തി സർവേ ഡയറക്ടറുടെ ചുമതലയിൽ പ്രവേശിച്ചത്.