തിരുവനന്തപുരം: ക്ഷീര കർഷകരെ സഹായിക്കാൻ പാൽവില കൂട്ടാനുള്ള മിൽമയുടെ നിർദ്ദേശം തള്ളി ക്ഷീരവകുപ്പ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലവർദ്ധന പ്രായോഗികമല്ലെന്നും, പകരം കാലിത്തീറ്റയ്‌ക്ക് സബ്സിഡി നൽകുന്ന രീതി വ്യാപിപ്പിച്ച് പ്രശ്‌നം പരിഹാരിക്കാമെന്നുമാണ് ക്ഷീരവകുപ്പിന്റെ പക്ഷം. ഇക്കാര്യം ആലോചിക്കാൻ മിൽമ, കേരള ഫീഡ്സ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.
നിലവിൽ രാജ്യത്ത് പാൽവില ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളം. ലിറ്ററിന് 42- 44 രൂപ. തമിഴ്‌നാട്ടിൽ ലിറ്ററിന് 21 രൂപയേയുള്ളൂ. കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വിലവർദ്ധന മൂലം ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ എം.എസ്.ഡി.പി പദ്ധതി വഴി സബ്‌സിഡി നൽകാനാണ് ആലോചന. മൂന്നു മാസം പ്രായം മുതൽ പ്രസവിക്കുന്നതു വരെയുള്ള കാലത്ത് പശുക്കൾക്ക് തീറ്റയുടെ പകുതിവില സബ്‌സിഡിയായി നൽകുന്ന പദ്ധതിയാണ് ഇത്. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഒരു ചാക്ക് തീറ്റയ്ക്ക് 100 രൂപ വീതം മിൽമയുടെ സബ്‌സിഡിയുമുണ്ട്.
സർക്കാരിന്റെ വിയോജിപ്പിനിടയിലും വിലവർദ്ധന എത്ര വരെയാകാമെന്നു പഠിച്ച് റിപ്പോർട്ട് നൽകാൻ മിൽമ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് സർക്കാരിനു സമർപ്പിക്കും. ഒരു മാസത്തിനിടെ കേരളഫീഡ്സ്, മിൽമ തീറ്റകൾക്ക് ചാക്കിന് 120 രൂപ വരെ വർദ്ധിച്ചിതാണ് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കിയത്. പാൽ വിലയിൽ രണ്ടു രൂപയുടെ വർദ്ധന വേണ്ടിവന്നാൽ അതിൽ 1.75 രൂപയും കർഷകർക്കു നൽകണമെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.
കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഉന്നതതല യോഗം വിളിക്കും. കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകി കർഷകരുടെ പ്രശ്നം പരിഹരിക്കുന്നത് ചർച്ച ചെയ്യും. ഇതു സാദ്ധ്യമല്ലെങ്കിൽ മാത്രമേ വിലവർദ്ധന ആലോചിക്കൂ.
കെ.രാജു
ക്ഷീര വികസന മന്ത്രി
ഓണത്തിനു മുമ്പ് പാൽ വില വർദ്ധിപ്പിക്കാതെ മാർഗമില്ല. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകും.
കല്ലട രമേശ്
മേഖല ചെയർമാൻ മിൽമ