kanam-rajendran

തിരുവനന്തപുരം: കലാലയങ്ങൾ സംവാദത്തിന്റെ വേദികളാവുകയും, എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാവുകയും വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.ഐ.എസ്.എഫ് 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം വി.ജെ.‌ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലതുപക്ഷ ആശയങ്ങളുടെ പിന്നിൽ രാജ്യത്തെ കെട്ടിയിടാനുള്ള നീക്കങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് നിൽക്കണം. ഇക്കാര്യത്തിൽ പരസ്പരം മത്സരിച്ച് പോകാൻ ഇടതു വിദ്യാർത്ഥി സംഘടനകൾക്ക് സാദ്ധ്യമല്ല. ഇത്തരം സാഹചര്യങ്ങളാണ് കാമ്പസുകളിൽ വർഗീയ സംഘടനകൾക്ക് വളരാനും പടരാനുമുള്ള സാഹചര്യമുണ്ടാക്കുന്നത്. പുരോഗമന ചിന്താഗതി മാറുമ്പോൾ സർഗസംവാദങ്ങൾ കാമ്പസിൽ നിന്ന് അപ്രത്യക്ഷമാകും. ആ സ്ഥലത്തേക്ക് വർഗീയ സംഘടനകളും അവരുടെ ആശയങ്ങളും പ്രവേശിക്കും. അതിനെ ചെറുക്കാൻ ആ വേദികൾ പുനഃസ്ഥാപിക്കാനാവണം. ജനാധിപത്യത്തിന്റെ ബാലപാഠമാണ് യൂണിവേഴ്സിറ്റി യൂണിയനുകളിലൂടെയും സ്കൂൾ പാർലമെന്റുകളിലൂടെയും കൊണ്ടുവരാൻ ശ്രമിച്ചത്. അതെല്ലാം ഇന്ന് സംഘട്ടനത്തിന്റെയും സംഘർഷത്തിന്റെയും വേദികളായി മാറുന്നു. അതിനെ സംവാദത്തിന്റെ വേദിയാക്കി മാറ്റുമ്പോഴേ പുതിയ തലമുറയിൽ ആശയപരമായ ചർച്ചയും ആശയ വ്യക്തതയുമുണ്ടാവൂ. ഇതിനായുള്ള എ.ഐ.എസ്.എഫിന്റെ പ്രവർത്തനത്തിന് സി.പി.ഐയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കാനം പറഞ്ഞു.

എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺബാബു അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, സി.പി.ഐ നേതാക്കളായ കെ.പി. രാജേന്ദ്രൻ, സത്യൻ മൊകേരി, കെ. പ്രകാശ്ബാബു, ഗവ. ചീഫ് വിപ്പ് കെ. രാജൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, പി.എഫ്.സി.ടി ജനറൽസെക്രട്ടറി പ്രൊഫ.ടി.ജി. ഹരികുമാർ, സംഘാടകസമിതി ചെയർമാൻ കൂടിയായ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ തുടങ്ങിയവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം നടന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചയ്ക്കും മറുപടിക്കും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിനും ശേഷം ഇന്ന് സമ്മേളനം സമാപിക്കും.

കൃപേഷിനും ശരത് ലാലിനും

ജലീലിനും അനുശോചനം

കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ, വയനാട്ടിൽ പൊലീസ് വെടിവച്ച് കൊന്ന മാവോവാദി നേതാവ് സി.പി.ജലീൽ എന്നിവരുടെ പേരുകൾ എ.ഐ.എസ്.എഫ് സമ്മേളനത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ ഉൾപ്പെടുത്തി. നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ പേരുമുണ്ട്.