വർക്കല: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 2004 മുതൽ കൊലപാതകശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. വർക്കല രാമന്തളി കനാൽപുറമ്പോക്കിൽ താമസിച്ചിരുന്ന ശിവ എന്ന ഫിറോസാണ് (36) അറസ്റ്റിലായത്. 2007ൽ കഴക്കൂട്ടം സ്വദേശിയായ വ്യവസായിയിൽ നിന്നും 50000 രൂപ ക്വട്ടേഷൻ ഏറ്റെടുത്ത് ചിലക്കൂർ ശ്രീപൂയം വീട്ടിൽ സത്യശീലൻ എന്നയാളെ വീടുകയറി വെട്ടിപ്പരിക്കേല്പിക്കുകയും പണം കവരുകയും ചെയ്‌ത കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ. ഇതേവർഷം പത്രവിതരണം നടത്തുകയായിരുന്ന മുത്താന മുസ്ലിംപള്ളിക്ക് സമീപം രമണിമന്ദിരത്തിൽ കിരണിനെ വായനശാലയ്ക്ക് സമീപം വാൾ കാണിച്ച് തടഞ്ഞുനിറുത്തി ഒരു പവന്റെ ബ്രേസ്‌ലെറ്റും അരപ്പവന്റെ മോതിരവും സ്വർണ ഏലസും കവർച്ച ചെയ്‌ത ശേഷം വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഇയാൾ രണ്ടാം പ്രതിയാണ്. 2004ൽ വെട്ടൂർ മാടൻനടയിൽ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന് 39 പവന്റെ ആഭരണങ്ങളും 88,000 രൂപയും കവർച്ച ചെയ്‌ത കേസിൽ രണ്ടാം പ്രതിയും യുവാവിനെ 10 ലക്ഷം രൂപയുടെ വിദേശകറൻസി എക്‌സ്ചേഞ്ചിന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി മുഖത്തും തലയ്ക്കും നെഞ്ചിലും മാരകമായി വെട്ടിപ്പരിക്കേല്പിച്ച ശേഷം 9 ലക്ഷത്തോളം രൂപ കവർച്ച നടത്തുകയും ചെയ്‌ത കേസിൽ ഒന്നാം പ്രതിയുമാണ് ഇയാൾ. മാല തട്ടിയെടുക്കൽ, മോഷണം തുടങ്ങി 15ഓളം ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വർക്കലയിൽ നിന്നും താമസം മാറിയ ശേഷം കർണാടകത്തിലെ മംഗലാപുരം സൂരത്ത്കൽ എന്ന സ്ഥലത്ത് കുടുംബമായി താമസിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് കുടുംബത്തെ വർക്കല കുരയ്ക്കണ്ണി തിരുവമ്പാടിയിൽ മാറ്റിപ്പാർപ്പിച്ചു. തുടർന്ന് ഇയാൾ വർക്കലയിൽ വന്നുപോകാറുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി. ഗോപകുമാറും സംഘവും അന്വേഷണം നടത്തുകയും ഫിറോസിനെ ഇടവ ശ്രീയേറ്രിൽ നിന്നും പിടികൂടുകയുമായിരുന്നു. അഡിഷണൽ എസ്.ഐ സാജൻ, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒ ജയമുരുകൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ: അറസ്റ്റിലായ പ്രതി ഫിറോസ്