നെടുമങ്ങാട്: തലചായ്ക്കാൻ ഒരുപിടി മണ്ണിനായി ഒന്നരപ്പതിറ്റാണ്ടായി ആദിവാസികൾ നടത്തുന്ന ചെറ്റച്ചൽ ഭൂസമരത്തിന് ഇടങ്കോലിടാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്ന് പരാതി. ഭൂരഹിത ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം സമരഭൂമിയിൽ സ്ഥലം നൽകുന്നതിന് വനംവകുപ്പ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കെയാണ് റവന്യു അധികൃതർ എതിർപ്പുമായെത്തിയത്. നിർദ്ദിഷ്ട സമരഭൂമി വനംവകുപ്പിന്റെ കീഴിലല്ലെന്നും ആദിവാസികൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്. റവന്യു വകുപ്പ് ഉടമസ്ഥാവകാശം ഉന്നയിച്ചതോടെ നേരത്തെ മുഖ്യമന്ത്രിയുടെയും പട്ടികവിഭാഗ ക്ഷേമ മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന സ്റ്റേറ്റ് ട്രൈബൽ അഡ്വൈസറി ബോർഡ് യോഗവും അലങ്കോലമായിരുന്നു. ഭൂസമരത്തിന് നേതൃത്വം നൽകുന്ന ആദിവാസി ക്ഷേമസമിതിയുടെ മുൻ സെക്രട്ടറിയും സി.പി.എം നേതാവുമായ ബി. വിദ്യാധരൻ കാണി ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനാ നേതാക്കൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ആദ്യകാല സി.പി.എം നേതാക്കളായ നന്ദിയോട് കെ. രവീന്ദ്രനാഥും എം.എ. റഹിമുമാണ് ഭൂസമരത്തിന്റെ നായകർ. ഇരുവരുടെയും മരണത്തോടെ സമരക്കാരിൽ ഭൂരിപക്ഷവും സമരത്തിൽ നിന്ന് പിന്തിരിഞ്ഞു. തുടക്കത്തിൽ 88 കുടുംബങ്ങൾ ഉണ്ടായിരുന്ന സമരഭൂമിയിൽ നിലവിൽ 34 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് സമരസമിതിയുടെ വിശദീകരണം. ഈ കുടുംബങ്ങൾ വച്ചുപിടിപ്പിച്ച തെങ്ങ്, പ്ലാവ്, മാവ് മുതലായവ നല്ല നിലയിൽ കായ്ഫലം നൽകുന്നുണ്ട്. ഒന്നരവർഷം കൂടി പിന്നിട്ടാൽ റബർ ടാപ്പിംഗും തുടങ്ങാം.

സമരചരിത്രം

---------------------

2002 ഏപ്രിലിൽ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് സമരത്തിന്റെ തുടക്കം. ജഴ്‌സി ഫാമിന്റെ പ്രവർത്തനങ്ങൾക്കായി വനംവകുപ്പ് ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുത്ത ഭൂമിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടുകയായിരുന്നു. പരിസരത്തെ 25 ഏക്കർ സ്ഥലം നവോദയ വിദ്യാലയത്തിന് കാമ്പസ് നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് കേന്ദ്രീയ വിദ്യാലയ വകുപ്പിന് കൈമാറിയതോടെയാണ് ആദിവാസി സമരം തുടങ്ങിയത്. നവോദയ സ്‌കൂളിന് നൽകിയ ഭൂമിയുടെ ശേഷിക്കുന്ന 28.50 ഏക്കർ സ്ഥലത്താണ് ആദിവാസികൾ കുടിൽ കെട്ടിയത്. സ്‌കൂളിന് സ്ഥലം വിട്ടുകൊടുത്തപ്പോൾ മൗനം പാലിച്ച റവന്യു വകുപ്പ്, ഭൂരഹിത ആദിവാസികൾക്ക് സ്ഥലം നൽകുന്നതിനെ എതിർക്കുന്നതാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ ആദിവാസികൾക്ക് അനുവദിച്ച ഭൂമിക്കായാണ്‌ റവന്യു വകുപ്പിന്റെ അവകാശവാദം. സമരഭൂമിയും നവോദയ സ്‌കൂളിന് കൈമാറിയ സ്ഥലവും വനംവകുപ്പിന്റേതാണെന്ന വെളിപ്പെടുത്തലിനെ തുടർന്ന് വനാവകാശ നിയമപ്രകാരം സമരഭൂമി ആദിവാസികൾക്ക് കൈമാറാൻ സംസ്ഥാന വനംസെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ഐ.ടി.ഡി.പി ഓഫീസറും ഭൂരഹിത ആദിവാസി കുടുംബങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് റവന്യു വകുപ്പിന്റെ തടസവാദം.


പതിനേഴ് വർഷമായി നടക്കുന്ന ചെറ്റച്ചൽ ഭൂസമരം ത്യാഗനിർഭരമാണ്. സെക്രട്ടേറിയറ്റ് നടയിൽ ഒരുവർഷം നീണ്ട റിലേ സത്യാഗ്രഹവും കളക്ടറേറ്റ് പടിക്കൽ ധർമ്മസമരവും ഉൾപ്പെടെ സമരപരമ്പര നടത്തിയിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് വനാവകാശ നിയമം അനുസരിച്ച് ഭൂമി ആദിവാസികൾക്ക് നൽകാൻ നടപടി സ്വീകരിച്ചത്. റവന്യൂ വകുപ്പിന്റെ തർക്കം ചൊവ്വാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രൈബൽ അഡ്വൈസറി ബോർഡ് യോഗത്തിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ''

--- ബി. വിദ്യാധരൻ കാണി (ആദിവാസി ക്ഷേമസമിതി സംസ്ഥാന ട്രഷറർ )