തിരുവനന്തപുരം: തികഞ്ഞ ലാളിത്യവും നിറഞ്ഞ ചിരിയുമായിരുന്നു കെ.എം ബഷീർ. സുഹൃത്തുക്കൾ ബഷീറിനെ കെ.എം.ബി എന്നു സ്‌നേഹത്തോടെ വിളിച്ചു. 2003-ൽ മലപ്പുറത്ത് തിരൂരിൽ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായാണ് കെ.എം ബഷീറിന്റെ പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. ബഷീറിലെ പത്രപ്രവർത്തകന്റെ മികവ് വേഗം തിരിച്ചറിഞ്ഞ മാനേജ്‌മെന്റ് അദ്ദേഹത്തെ തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടർ ആക്കാൻ തീരുമാനിച്ചു. 2006- ൽ തിരുവനന്തപുരത്ത് എത്തിയ ബഷീറിന് വളരാൻ തലസ്ഥാനം നല്ല മണ്ണായി.
രാഷ്ട്രീയ വിഷയങ്ങളും വിവാദവിഷയങ്ങളും ബഷീറിന് എളുപ്പത്തിൽ വഴങ്ങി. അതിനുള്ള അംഗീകാരമായിരുന്നു തിരുവനന്തപുരത്തെത്തി മൂന്നാംവർഷം ബ്യൂറോ മേധാവി എന്ന പദവിയിലേക്കുള്ള സ്ഥാനക്കയറ്റം. സ്വന്തം ഓഫീസിൽ ജൂനിയർ റിപ്പോർട്ടർമാർ തന്നെ സാർ എന്നു വിളിക്കുന്നതു പോലും വിലക്കിയ ആ ലാളിത്യമാണ് തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ബഷീറിനെ പ്രിയപ്പെട്ടവനാക്കിയത്.
പത്രങ്ങളിലെ മികച്ച നിയമസഭാ അവലോകനങ്ങൾ സമാഹരിച്ച് 'പ്രസ്ഗാലറി കണ്ട സഭ' എന്ന പേരിൽ കേരള മീഡിയ അക്കാഡമി ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കെ.എം ബഷീറിന്റെ റിപ്പോർട്ടുമുണ്ട്.
മാദ്ധ്യമ തൊഴിൽമേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ബഷീർ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഭാരവാഹിയുമായിരുന്നു.
ഒരു വർഷം മുമ്പ് നാട്ടിൽ സ്വന്തമായി വീട് വയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ബഷീർ. അതിനു ശേഷം ഇടയ്ക്കിടെ നാട്ടിൽ പോകാനും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കാനുമുള്ള ആഗ്രഹം ഒൗദ്യോഗിക തിരക്കുകൾക്കിടയിൽ പലപ്പോഴും സാധിച്ചില്ല. സ്വന്തം വീട്ടിൽ താമസിച്ചു മതിയാകാതെയാണ് ബഷീറിന്റെ മടക്കം.