തിരുവനന്തപുരം: അമ്പൂരിയിലെ രാഖിമോൾ വധക്കേസിൽ, കൊലയ്ക്കു ശേഷം വഴിയിൽ ഉപേക്ഷിച്ചെന്ന് പ്രതികൾ പറഞ്ഞിരുന്ന നിർണായക തെളിവായ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ് രാഖിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയത്. വസ്ത്രത്തിൽ രക്തക്കറയുണ്ട്. പ്രതികളായ അഖിലിനെയും രാഹുലിനെയും ആദർശിനെയും സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കൊല്ലപ്പെട്ട രാഖിയുടേതെന്നു കരുതുന്ന മൊബൈൽ ഫോണും കഴുത്തു മുറുക്കി കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു. മൂന്നു ഭാഗങ്ങളാക്കി ഉപേക്ഷിച്ച ഫോൺ വാഴിച്ചൽ ഭാഗത്തുനിന്നാണ് കിട്ടിയത്. കൊലയ്ക്കു ശേഷം ഈ മൊബൈലിലെ സിം കാർഡ് മാറ്റി അന്വേഷണം വഴിതെറ്റിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. കേസിൽ തെളിവായി ഇനി രാഖിയുടെ ഹാൻഡ്ബാഗ് കിട്ടാനുണ്ട്. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി അഖിൽ മൊഴി നൽകിയിരുന്നു. പൂവാർ സി.ഐ രാജീവിന്റെയും എസ്.ഐ സജീവന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.