jithu
ജിത്തു

തിരുവനന്തപുരം: ഇന്നലെ പുലർച്ചെ മ്യൂസിയത്തിനു സമീപം കാർ ഇടിച്ച് ഗുരുതരമായി പരിക്കേ​റ്റ മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ അതുവഴി വന്ന സ്കൂട്ടറിൽ കയ​റ്റിവിടാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. അപകടം നടന്നയുടൻ അവിടെയെത്തിയ ഹോട്ടൽ ജീവനക്കാരനായ ജിത്തുവിനോടാണ് ശ്രീറാം വെങ്കിട്ടരാമൻ ബഷീറിനെ സ്കൂട്ടറിൽ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഗുരുതരമായി പരിക്കേറ്റയാളെ സ്കൂട്ടറിൽ കൊണ്ടുപോകുന്നത് അപകടമാണെന്നു പറഞ്ഞ് ജിത്തു വിസമ്മതിച്ചു.

"ബൈക്കിന്റെ പിൻഭാഗത്താണ് കാറിടിച്ചത്. ബൈക്ക് തെറിച്ച് പോസ്​റ്റിൽ പോയിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ രണ്ടു പേരായിരുന്നു. രണ്ടു പേരും അപ്പോൾത്തന്നെ തന്നെ മരിച്ചെന്നാണ് കരുതിയത്. കാറിന്റെ മുൻവശത്തേക്കു ചെന്ന് നോക്കിയപ്പോൾ അകത്തുള്ളവർക്ക് അനക്കമുണ്ട്. കാറിലുണ്ടായിരുന്ന പുരുഷൻ പുറത്തേക്കിറങ്ങി വന്ന്, ബൈക്കിലുള്ളയാൾക്ക് എന്തു പ​റ്റിയെന്ന് ചോദിച്ചു. അയാൾ വന്ന് വീണു കിടക്കുന്നയാളെ കൈയിലെടുത്ത്, എന്റെ സ്കൂട്ടറിൽ ആശുപത്രിയിലെത്തിക്കാമോ എന്നു ചോദിച്ചു. കൂടെയുള്ള സ്ത്രീയും വന്ന് അയാളെ രക്ഷിക്കൂ എന്ന് പറയുന്നുണ്ടായിരുന്നു"- ജിത്തു പറഞ്ഞു. ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് ബഷീറിനെ എടുത്തു മാ​റ്റി തറയിൽ കിടത്തിയതെന്ന് മറ്റൊരു ദൃക്സാക്ഷിയായ ആട്ടോറിക്ഷ ഡ്രൈവർ ഷെഫീഖ് പൊലീസിന് മൊഴിനൽകി.