തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷത്തിൽ പ്രതീക്ഷിച്ചതിന്റെ പകുതി പോലും മഴ കിട്ടിയില്ലെങ്കിലും ഇൗ മാസം മഴ കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് വിശ്വസിച്ച് ,പവർകട്ട് ഏർപ്പെടുത്തുന്ന കാര്യത്തിൽ രണ്ടാഴ്ച കൂടി കാത്തിരിക്കാൻ ഇന്നലെ കെ.എസ്. ഇ.ബി. ചെയർമാൻ എൻ. എസ്. പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വൈദ്യുതി ഉന്നതാധികാര സമിതി തീരുമാനിച്ചു. 16 ന് വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും.
മഴയുടെ കുറവ് മൂലം വൈദ്യുതി ഉൽപാദനത്തിലുണ്ടായ വലിയ ഇടിവ് പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഇ-പോർട്ടൽ വഴി ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങേണ്ടിവരും. ഇതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്ക് അപേക്ഷ നൽകും.കൂടാതെ പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടിയ നിരക്കിൽ ഡി.ഇ.ഇ.പി പോർട്ടൽ വഴിയും കുറച്ച് വൈദ്യുതി വാങ്ങും. വൈദ്യുതി മിച്ചമുള്ള കമ്പനികളിൽ നിന്ന് കരാർ വഴി വാങ്ങാനും നടപടിയെടുക്കും. എന്നാൽ പവർ എക്സ്ചേഞ്ചിൽ വൈദ്യുതിവില കുത്തനെ ഉയരുകയാണെങ്കിൽ ഇൗ പദ്ധതി നടപ്പാക്കാനാവില്ല. ആ സാഹചര്യത്തിൽ അറിയിപ്പ് നൽകി പവർകട്ട് ഏർപ്പെടുത്തും. ഇതിന് സ്റ്റേറ്റ് ലോഡ് ഡെപ്പാച്ച് സെന്ററിനെ യോഗം ചുമതലപ്പെടുത്തി.
.362.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് ആഗസ്റ്റ് ഒന്നുവരെ കിട്ടിയത്. ഇതോടെ സംഭരണികളിലെല്ലാം കൂടി 869.5 ദശലക്ഷം യൂണിറ്റ് വെെദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമുണ്ട്.1523 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഉത്പാദനം പ്രതിദിനം ആറ് ദശലക്ഷം യൂണിറ്റായി കുറച്ചാൽ പോലും അധികദിവസം പിടിച്ചുനിൽക്കാനാവില്ല. മാത്രമല്ല, ജനുവരിയിൽ 2200 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം കരുതിയില്ലെങ്കിൽ അടുത്തവർഷത്തെ വേനൽക്കാലം ഇരുട്ടിലാകും. മഴ കുറഞ്ഞ സാഹചര്യത്തിലും കേന്ദ്രപൂളിൽ നിന്ന് 1600 മെഗാവാട്ടും കെ.എസ്. ഇ.ബി.യുടെ കരാർ അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1100 മെഗാവാട്ടും ഉൾപ്പെടെ 2710 മെഗാവാട്ട് വൈദ്യുതി കിട്ടുന്നത് കൊണ്ടാണ് പവർകട്ടില്ലാതെ പിടിച്ചുനിന്നത്. എന്നാൽ വടക്കേ ഇന്ത്യയിലെ കനത്തമഴ മൂലം കൽക്കരി ലഭ്യതക്കുറവും ജനറേറ്റർ തകരാറും മൂലം 800 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് സൂചന. ഇൗ സാഹചര്യത്തിൽ ,മഴയും കൂടി കിട്ടാതിരുന്നാൽ ആഗസ്റ്റ് പകുതിയോടെ കേരളം പവർകട്ടിലേക്ക് പോകും.