 കെ.എം. ബഷീറിന് പത്രപ്രവർത്തക ലോകം വിട ചൊല്ലി

 ശ്രീറാമിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

വനിതാ സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തു

തിരുവനന്തപുരം:മദ്യപിച്ചു ലക്കുകെട്ട നിലയിൽ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം.ബഷീർ മരണമടഞ്ഞ കേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും വനിതാ സു‌ഹൃത്തും മോ‌ഡലുമായ വഫ ഫിറോസും അറസ്റ്റിലായി.മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം വഫയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി മ്യൂസിയം സി.ഐ അറിയിച്ചു. മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും കാർ ഓടിക്കാൻ നൽകി, അപകടകരമായ വാഹനമോടിക്കൽ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദേവികുളം മുൻ സബ് കളക്ടറും സർവേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെ ബോധപൂർവമായ നരഹത്യയ്ക്കുള്ള എെ.പി.സി 304 എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാം പൊലീസ് കസ്റ്റഡിയിൽ സ്വകാര്യ ആശുപത്രിയിൽ തുടർന്നേക്കും. മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റാനും സാദ്ധ്യയുണ്ട്.

അപകടസമയത്ത് ഒപ്പം കാറിലുണ്ടായിരുന്ന ഗൾഫ്കാരന്റെ ഭാര്യയായ വനിതാ സുഹൃത്ത് വഫ ഫിറോസ് മജിസ്‌ട്രേട്ടിനു മുന്നിൽ നൽകിയ രഹസ്യമൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശ്രീറാമിന്റെ അറസ്റ്റ്. പൊലീസ് തുടക്കത്തിൽ അട്ടിമറിക്കാൻ ശ്രമിച്ച കേസ് മാദ്ധ്യമങ്ങളുടെയും മുഖ്യമന്ത്രിയുടെ ഒാഫീസിന്റെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് നേർവഴിയിലേക്ക് വന്നത്. എന്നിരുന്നാലും രക്ത സാമ്പിൾ എടുക്കുന്നത് താമസിപ്പിച്ചത് ഉൾപ്പെടെ ശ്രീറാമിന് രക്ഷപ്പെടാനുള്ള പഴുതുകൾ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ 12.55ന് വെള്ളയമ്പലം-മ്യൂസിയം റോഡിൽ പബ്ലിക് ഓഫീസിന് മുൻവശത്തായിരുന്നു അപകടം. പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന യോഗത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ബൈക്കിൽ വെള്ളയമ്പലത്ത് സിറാജ് ഓഫീസിൽ എത്തിയശേഷം വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്സ് വാഗൺ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കവടിയാറിൽ എെ.എ.എസുകാർ കൂടുന്ന സി.എസ്.ഒ ക്ളബിൽ

നടന്ന പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച ശേഷം വനിതാ സുഹൃത്ത് വഫയുമായി വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ബഷീറിനെയും ബൈക്കിനെയും ഇടിച്ച് നിരക്കി 25 മീറ്ററോളം മുന്നോട്ടുപോയശേഷം മതിലിൽ ഇടിച്ചാണ് കാർ നിന്നത്. ബഷീറിനെ പൊലീസ് എത്തി ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടസ്ഥലത്തുനിന്ന് ബഷീറിനെ ബൈക്കിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നതിനും ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചതായി സാക്ഷിമൊഴിയുണ്ട്. സംഭവ സ്ഥലത്തുനിന്നും പൊലീസ് വാഹനത്തിലാണ് പരിക്കേറ്റ ശ്രീറാമിനെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ രക്ത പരിശോധനയ്ക്ക് വിസമ്മതിച്ച ശ്രീറാം ഒരു സുഹൃത്തിന്റെ കാറിലാണ് കിംസ് ആശുപത്രിയിലേക്ക് പോയത്. ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും പൊലീസ് കൊണ്ടുപോയില്ല. വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനം ഒാടിച്ചതെന്ന് പറഞ്ഞ് ശ്രീറാം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും അറിയുന്നു.

അപകടമറിഞ്ഞ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ മാദ്ധ്യമപ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് ശരിയായ നടപടികൾ ആരംഭിച്ചത്.
പകൽ പതിനൊന്നോടെ വഫയെ കന്റോൺമെന്റ് സ്‌റ്റേഷനിലെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഈ മൊഴിയിലാണ് തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ പറഞ്ഞത്. ശക്തമായ സമ്മർദം ഉണ്ടായതിനെ തുടർന്നാണ് വൈകിട്ടോടെ വഫയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. പിന്നീട് തിരുവനന്തപുരം ജ്യുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ വഫയെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.