തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ഫയൽ തീർപ്പാക്കൽ യജ്ഞം വേഗത്തിലും സുതാര്യവുമാക്കുന്നതിനും, ജില്ലാതലം മുതൽ സെക്രട്ടേറിയറ്റ് വരെ ഓൺലൈനിൽ പ്രത്യേകം ബന്ധിപ്പിക്കുന്നതിനും പുതിയ വെബ്പോർട്ടൽ തയ്യാറാക്കും.
ഇതിനായി നാഷണൽ ഇൻഫർമാറ്റിക്സിനെയും ഐ.ടി മിഷനേയും ചുമതലപ്പെടുത്തി. ഫയലുകളുടെ തരംതിരിക്കലും തീർപ്പാക്കലും കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് വെബ് സൈറ്റിന്റെ സഹായം തേടുന്നത്. യജ്ഞത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഭൂരിഭാഗം വകുപ്പുകളിലെയും ജീവനക്കാർ ദൈനംദിന ജോലികൾക്കാണ് സമയം ചെലവിട്ടത്. 95 ശതമാനം ഫയലുകളും വെള്ളിയാഴ്ചയോടെ തരംതിരിച്ചിരുന്നു
ഇനി പൂർത്തിയാകാനുള്ളത് റവന്യൂ, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ആയുഷ് വകുപ്പുകളിലാണ്.. നാലിടത്തും ഏതാണ്ട് 15 വീതം സെക്ഷനുകളുണ്ട്. റവന്യൂ - 17,300, ആഭ്യന്തരം - 13,711, വിദ്യാഭ്യാസം - 11,216 എന്നിങ്ങനെയാണ് തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം. നാളത്തോടെ ഇവയുടെ തരംതിരിക്കലും പൂർത്തിയായേക്കും.
മറ്റു വകുപ്പുകളെല്ലാം തരംതിരിക്കൽ പൂർത്തിയാക്കി നടപടി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. നാളെ മുതൽ റിപ്പോർട്ടുകൾ തയ്യാറാക്കി തുടങ്ങും. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ വകുപ്പിലെയും നോഡൽ ഓഫീസർമാരുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയോ അഡിഷണൽ സെക്രട്ടറിയോ വിലയിരുത്തും. രണ്ടാഴ്ചയിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാർ പുരോഗതി പരിശോധിക്കും. ഇതിന്റെ വിശദാംശങ്ങൾ നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് ലഭ്യമാക്കും. ആദ്യ റിപ്പോർട്ട് 15നകം സമർപ്പിക്കും. എല്ലാമാസവും മന്ത്രിതല അവവോകനവും നടക്കും. സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ തീർപ്പാകാനുള്ള ഫയലുകൾ 31നകവും വകുപ്പ് അദ്ധ്യക്ഷ തലത്തിലുള്ളവ സെപ്തംബർ 30നകവും തീർപ്പാക്കും.