1

നേമം: വെള്ളായണി ഹോമിയോ കോളേജിന് സമീപം പാർക്ക് ചെയ്‌തിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ട് യുവാക്കളെ നേമം പൊലീസ് അറസ്റ്റുചെയ്‌തു. കൊല്ലം ചവറ വില്ലേജിൽ കുളങ്ങര ഭാഗം പുലത്തറ തെക്കതിൽ വീട്ടിൽ മുഹമ്മദ് ഇർഷാദ് (18), ചവറ പാലക്കടവ് മുക്കോടി തെക്കതിൽ വീട്ടിൽ മുസ്‌തഫ (21) എന്നിവരാണ് പിടിയിലായത്. മുട്ടത്തറ സ്വദേശി ഹാരിസിന്റെ ബൈക്കാണ് മോഷണം പോയത്. ഹാരിസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു. ഫോർട്ട് എ.സി പ്രതാപൻ നായർ, നേമം സി.ഐ ബൈജു, എസ്.ഐമാരായ സനോജ്, ദീപു, സുധീഷ് കുമാർ, സുരേഷ് കുമാർ, എസ്.സി.പി.ഒ പത്മകുമാർ, ഷാഡോ ടീം അംഗങ്ങളായ യശോധരൻ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.