മാദ്ധ്യമപ്രവർത്തകരുടെ ഇൻഷ്വൻസ് പരിരക്ഷ വിപുലീകരിക്കും
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകടപരിരക്ഷ കുടുതൽ ഉറപ്പാക്കാൻ വേണ്ടുന്ന നടപടികൾ ആലോചിക്കും. മാദ്ധ്യമപ്രവർത്തകർക്ക് നിലവിലുള്ള ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ച്, ഏത് അപകടഘട്ടത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുംവിധം പുന:ക്രമീകരിക്കാനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കും.
മാദ്ധ്യമപ്രവർത്തകരുടെ പ്രത്യേകമായ തൊഴിൽസാഹചര്യം കാരണമാണ് ആ സമയത്ത് ബഷീറിന് യാത്ര ചെയ്യേണ്ടി വന്നതും ജീവൻ നഷ്ടമായതും. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ബഷീറിന്റെ മരണം അത്യധികം വ്യസനമുണ്ടാക്കിയ അനുഭവമാണ്. വാർത്താ സമ്മേളനങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ബഷീർ ആരുടെയും മനസ്സിൽ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അനുസ്മരിച്ചു.