തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി മ്യൂസിയം സി.ഐ ജി.സുനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാമിനെതിരെ ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. 28ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്. കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മദ്യപിച്ചെത്തിയ ശ്രീറാം നിർബന്ധപൂർവം ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നെന്നും അമിതവേഗത്തിൽ കാറോടിച്ച് മ്യൂസിയത്തിനു മുൻവശത്തു വച്ച് ബഷീറിന്റെ ബൈക്കിലിടിക്കുകയായിരുന്നെന്നുമാണ് വനിതാ സുഹൃത്ത് വഫയുടെ മൊഴി. വഫയുടെ രഹസ്യമൊഴി ജുഡീഷ്യൽ ഒന്നാംക്ലാസ് അഞ്ചാം മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച് ബോധപൂർവമായി നരഹത്യ നടത്തിയതിന് ചുമത്തിയ ഐ.പി.സി 304ആണ് ജാമ്യമില്ലാവകുപ്പ്. നേരത്തേ ബോധപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള ഐ.പി.സി-304(എ) വകുപ്പ് ചുമത്താനായിരുന്നു പൊലീസ് നീക്കം.
മുഖ്യമന്ത്രി ബെഹറയെ
വിളിച്ചുവരുത്തി
മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്നാഥ് ബെഹറയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഒരു പഴുതുമില്ലാതെയും വിവാദങ്ങൾക്കിടയില്ലാതെയും അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. ഇതോടെയാണ് ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
മ്യൂസിയം പൊലീസ് തയ്യാറാക്കിയ ആദ്യ എഫ്.ഐ.ആറിൽ ശ്രീറാമിന്റെ പേരുണ്ടായിരുന്നില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഡി.ജി.പി നിർദ്ദേശിച്ചതോടെ രണ്ടാമത് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് ഒളിപ്പിച്ചു വച്ചെന്നും മറ്റൊരാളാണ് വണ്ടിയോടിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. പുതുതായെടുത്ത കേസിൽ ജാമ്യത്തിന് സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ ശ്രീറാമിന് സമീപിക്കേണ്ടി വരുമെന്ന് പൊലീസ് പറയുന്നു. സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ റിമാന്റ് ചെയ്ത് മെഡിക്കൽകോളേജാശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കും. പരിക്ക് കാര്യമുള്ളതാണെങ്കിൽ സ്വകാര്യാശുപത്രിയിൽ തുടരുകയുമാവാം. ശ്രീറാം സന്ദേശമയച്ചതുപ്രകാരം വെള്ളിയാഴ്ച രാത്രി 12.40നാണ് വഫ പട്ടം മരപ്പാലത്തെ ഫ്ലാറ്റിൽ നിന്നിറങ്ങിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇനി എന്ത്
1)ശ്രീറാം റിമാൻഡിലായാൽ അക്കാര്യം അറിയിച്ച് പൊലീസ് മേധാവി ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും. ഇതുപ്രകാരം ശ്രീറാമിനെ സസ്പെൻഡ് ചെയ്യാം
2)കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശ്രീറാമിനെ സിവിൽ സർവീസിൽ നിന്ന് പുറത്താക്കപ്പെടും.
3)ഗുരുതരമായ കുറ്രകൃത്യമായതിനാൽ സർക്കാരിന് ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാം
4)ചികിത്സയിലായതിനാൽ റിമാൻഡ് കാലാവധിയിലുടനീളം ശ്രീറാം പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ തുടർന്നേക്കും