അടുത്തഘട്ട തീരുമാനം ഇന്നത്തെ ഐ.എം.എ യോഗത്തിൽ
തിരുവനന്തപുരം : ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഐ.എം.എ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന റിലേ നിരാഹാര സമരം തുടരുന്നു .
തിരുവനന്തപുരം മെഡിക്കൽ കോളേജിലടക്കം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി സമരം തുടരുകയാണ്. ഓരോ കോളേജിലും ദിവസവും അഞ്ച് പേരാണ് സമരം നടത്തുന്നത്. നീറ്റ് പരീക്ഷയുടെ നിയമങ്ങൾ ലളിതമാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. പി.ജി പ്രവേശനത്തിനടക്കം തടസമായി വന്നേക്കാവുന്ന നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ് ) പിൻവലിക്കണമെന്നും വിദ്യാർത്ഥി സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നു. ഇന്ന് കാലടിയിൽ ചേരുന്ന ഐ.എം.എ കോൺഫറൻസിലെ തീരുമാന പ്രകാരമാവും തുടർ നടപടികളെന്ന് ഐ.എം.എ സ്റ്റുഡന്റ്സ് നെറ്റ്‌വർക്ക് വൈസ് പ്രസിഡന്റ് അജിത് പോൾ പറഞ്ഞു.
കമ്യൂണിറ്റി ഹെൽത്ത് വർക്കർമാരായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലൈസൻസ് നൽകി നിയമിക്കുമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളവരുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി ബില്ലിൽ വ്യക്തതയില്ലെന്ന് ഐ.എം.എ സ്റ്റുഡന്റ്സ് നെറ്റ്‌വർക്ക് നാഷണൽ കോ ഓർഡിനേറ്റർ ഡോ. ശ്രീജിത്ത് എൻ.കുമാർ പറഞ്ഞു.
ഐ.എം.എ, കെ.ജി.എം.ഒ.എ , കെ.ജി.എം.സി.ടി .എ , പി.ജി അസോസിയേഷൻ തുടങ്ങിയവരും സമരത്തിന് പിന്തുണ നൽകുന്നുണ്ട്.