തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്യും. മോട്ടോർവാഹന ആക്ട് സെക്ഷൻ 19പ്രകാരം ശ്രീറാമിന് ഇന്നലെ നോട്ടീസ് നൽകി. കാറുടമയായ വഫയുടെ ലൈസൻസും അയോഗ്യമാക്കും. കടുത്ത കറുപ്പുനിറത്തിലെ സൺ ഫിലിം (കൂളിംഗ് ഫിലിം) ഒട്ടിച്ചതിന് കേന്ദ്രമോട്ടോർ വാഹന നിയമപ്രകാരം കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം.

അമിതവേഗമാണ് അപകടകാരണമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ കണ്ടെത്തൽ. നിയന്ത്രണത്തോടെയാണ് വാഹനമോടിച്ചതെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ഈ കാർ കവടിയാർ- വെള്ളയമ്പലം പാതയിൽ 2018 ഏപ്രിൽ6, ആഗസ്റ്റ് 9, കഴിഞ്ഞ ജൂലായ് 17 തീയതികളിൽ അമിതവേഗതയിൽ ഓടിച്ചതായി കണ്ടെത്തി. ഇക്കാരണത്താലാണ് വഫായുടെ ലൈസൻസ് അയോഗ്യമാക്കുന്നത്. അമിതവേഗത്തിന് പിഴയും ചുമത്തിയിരുന്നു.