തിരുവനന്തപുരം:വികാര നിർഭരമായ അന്തരീക്ഷത്തിൽ തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ കെ.എം. ബഷീറിന് അന്ത്യാഞ്ജലി ചൊല്ലി. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനും കുമാരപുരം ജുമാ മസ്ജിദിലെ മയ്യത്ത് നമസ്‌കാരത്തിനും ശേഷം തിരുവനന്തപുരം പ്രസ്‌ക്ലബിൽ ഉച്ചയ്ക്ക് 2ന് എത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും വലിയ നിര തന്നെ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. കണ്ണീരോടെയാണ് പ്രിയ സഹപ്രവർത്തകന് തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ അന്ത്യാഞ്ജലിയർപ്പിച്ചത്. മുൻ പത്രപ്രവർത്തകരും നിലവിൽ തിരുവനന്തപുരത്ത് ജോലിനോക്കുന്നവരുമായ നൂറുകണക്കിന് മാദ്ധ്യമ പ്രവർത്തകർ പ്രസ്‌ക്ലബിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് മയ്യത്ത് നമസ്‌കാരവും നടന്നു. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലോടെ സ്വദേശമായ തിരൂർ വാണിയന്നൂരിലേക്ക് കൊണ്ടുപോയി. 2003ൽ തിരൂരിൽ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം തുടങ്ങിയ കെ.എം. ബഷീർ 2006ലാണ് തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറുന്നത്. ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് ചീഫായി നിയമിതനായി.