aisf

തിരുവനന്തപുരം : എസ്.എഫ്.ഐയിൽ നിന്ന് ഫാസിസ്റ്റ് ശൈലിയിൽ ആക്രമണമുണ്ടായാൽ അതിനെ ഫാസിസമെന്നല്ലാതെ എന്ത് വിളിക്കുമെന്ന് എ.ഐ.എസ്.എഫിന്റെ സംസ്ഥാനസമ്മേളനത്തിൽ വിമർശനം ഉയർന്നു.

ഇടതുപക്ഷ ഐക്യത്തിനായി ശഹീദുകളെ സൃഷ്ടിക്കാൻ എ.ഐ.എസ്.എഫിനാവില്ലെന്നും സമ്മേളനത്തിൽ സെക്രട്ടറി ശുഭേഷ് സുധാകർ അവതരിപ്പിച്ച പ്രവർത്തന, രാഷ്ട്രീയ, ഭാവി പരിപാടി റിപ്പോർട്ടുകളിൽ തുറന്നടിച്ചു. പഠിക്കുക, പോരാടുക എന്ന മുദ്രാവാക്യം കാമ്പസുകളിൽ മുഴക്കുന്ന, പുരോഗമനപരത നടിക്കുന്നവരാണ് നമ്മളെ ആക്രമിച്ചതെന്ന് എസ്.എഫ്.ഐയെ റിപ്പോർട്ട് രൂക്ഷമായി വിമർശിക്കുന്നു. സ്വാശ്രയപ്രശ്നത്തിലെ ഇടതുസർക്കാർ നിലപാടിനും രൂക്ഷവിമർശനമുണ്ട്.

ഒരു സംഘടനയെയും നാം കടന്നാക്രമിക്കില്ല. നമ്മുടെ അസ്തിത്വവും വ്യക്തിത്വവും തകർക്കാൻ ആര് ശ്രമിച്ചാലും അതിനെതിരെ കേരളത്തിന്റെ തെരുവുകൾ കൈയടക്കാൻ കഴിവുള്ള സംഘടനയാണ് എ.ഐ.എസ്.എഫ്. നമ്മുടെ പുരോഗമനാശയം ആരെയാണ് അലോസരപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അടിച്ചാലും ഒടിച്ചാലും ഒടിയുന്നതല്ല എ.ഐ.എസ്.എഫിന്റെ രാഷ്ട്രീയം.

ഇടതുപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോഴും അതിനെ ശരിപക്ഷമായി മുന്നോട്ട് കൊണ്ടുപോകണം. എസ്.എഫ്.ഐ വിരുദ്ധരാഷ്ട്രീയത്തിന്റെ കുറ്റപത്രമല്ല ഇവിടെ.

കരുണ, കണ്ണൂർ സ്വാശ്രയ മെഡിക്കൽകോളേജുകളെ സഹായിക്കാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർത്തത് എ.ഐ.എസ്.എഫ് മാത്രമാണ്. എൽ.ഡി.എഫ് സർക്കാർ വന്നശേഷം രണ്ടുതവണ സ്വാശ്രയമേഖലയിൽ അന്യായമായി ഫീസ് വർദ്ധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നം എൽ.ഡി.എഫ് വന്നാൽ മറികടക്കാനാകുമെന്ന് കരുതി.

മന്ത്രി ജലീൽ ശക്തിയളക്കുന്ന മെഷീൻ

വിദ്യാഭ്യാസവകുപ്പിനെ രണ്ടാക്കിയപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതല മന്ത്രി കെ.ടി. ജലീലിന് നൽകി. എന്നാൽ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ശക്തി അളക്കുന്ന മെഷീനായി മന്ത്രി ജലീൽ പ്രവർത്തിക്കുന്നു. എ.ഐ.എസ്.എഫിന് ശക്തിയില്ലാത്തതിനാലാണ് എസ്.എഫ്.ഐ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് മന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല. വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ മാനദണ്ഡമളക്കുന്ന വേദികളിൽ എ.ഐ.എസ്.എഫ് പരാജയപ്പെടുന്നതെന്തിനെന്ന സ്വയം വിമർശനം സംഘടനയ്ക്കുണ്ട്. കൂടുതൽ സംഘടനാശേഷിയുള്ള കേരള യൂണിവേഴ്സിറ്റിയിൽ വിജയിക്കുന്നില്ല. ഇത്തരം കാമ്പസുകളിൽ എന്തുകൊണ്ട് വിജയിക്കുന്നില്ലെന്ന് ചർച്ച ചെയ്യണം. എം.ജി സർവ്വകലാശാലയിലെ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കോളേജുകളിൽ കാര്യമായ വിജയമുണ്ടാവുന്നില്ല. തൃശൂരിൽ മത്സരിക്കുന്ന സീറ്റുകളിൽ വർദ്ധനവുണ്ടെങ്കിലും ആഗ്രഹിച്ച വിജയമില്ല. അദ്ധ്യാപകപ്രസ്ഥാനങ്ങളും തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തലുണ്ട്.

പ്രതിനിധിസമ്മേളനത്തിൽ ഇന്ന് ചർച്ച നടക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് സമ്മേളനം പിരിയും. സെക്രട്ടറി ശുഭേഷ് സുധാകറും പ്രസിഡന്റ് അരുൺബാബുവും മാറുമെന്ന് സൂചനയുണ്ട്.