gold

തിരുവനന്തപുരം : കൃഷിഭൂമിയുള്ളവർക്കെല്ലാം നാല് ശതമാനം പലിശയ്‌ക്ക് സ്വർണ്ണപണയ വായ്പ നൽകുന്ന പദ്ധതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തീരുമാനമായിട്ടില്ലെന്ന് മന്ത്രി വി. എസ്. സുനിൽ കുമാർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഞ്ച് ശതമാനം പലിശ സബ്സിഡിയാണ് ഈ വായ്‌പയ്‌ക്കുള്ളത്.

ബാങ്കുകളുടെ മൊത്തം വായ്പയിൽ 18 ശതമാനം കർഷകർക്ക് നൽകണമെന്നാണ് വ്യവസ്ഥ. കിസാൻ കാർഡുള്ളവർക്ക് 1.6 ലക്ഷം രൂപ ഇൗടില്ലാത്ത വായ്പയായും നൽകണം. ഇത് ബാങ്കുകൾക്ക് ഇഷ്ടമല്ല. പകരം കൃഷിഭൂമിയുള്ളവർക്കെല്ലാം നാല് ശതമാനം പലിശയ്‌ക്ക് സ്വർണപ്പണയ വായ്പയാണ് അവർ നൽകുന്നത്. ഇതുമൂലം അർഹരായ കൃഷിക്കാർക്ക് ഇൗടില്ലാത്ത വായ്പ ലഭിക്കാതെ വരുന്നു. ഇത് തിരുത്തണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് റിസർവ്വ് ബാങ്ക്, നബാർഡ്, കേന്ദ്ര - സംസ്ഥാന പ്രതിനിധികൾ എന്നിവരടങ്ങിയ സംഘം നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് 80,803കോടി രൂപയുടെ കാർഷിക വായ്പ നൽകിയതിൽ 50,169കോടിയും സ്വർണപ്പണയ വായ്പയാണെന്ന് കണ്ടെത്തി. ഇതിൽ തന്നെ 36,000 കോടിയും വാങ്ങിയത് കൃഷിയില്ലാത്ത ഭൂവുടമകളാണ്. ഇത് ഗൗരവത്തിലെടുത്താണ് കിസാൻ കാർഡും ആധാറും ഉള്ള കൃഷിക്കാർക്ക് ഇൗടില്ലാതെ 1.6 ലക്ഷം രൂപയുടെ വായ്പ നൽകണമെന്നും നാലുശതമാനം പലിശയുള്ള സ്വർണ്ണപണയ വായ്പ കൃഷിക്ക് തന്നെ വിനിയോഗിക്കുമെന്ന് ഉറപ്പാക്കണമെന്നും ഇതിനായി വായ്പാഅപേക്ഷയോടൊപ്പം കൃഷി ആഫീസറുടെ സർട്ടിഫിക്കറ്റും ലഭ്യമാക്കണമെന്നും നിർദ്ദേശം സമർപ്പിച്ചത്. കേന്ദ്രകൃഷി മന്ത്രാലയത്തിലും റിസർവ്വ് ബാങ്കിനും സമർപ്പിച്ച നിർദ്ദേശത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

കാർഷിക സ്വർണപ്പണയ വായ്പ നിയന്ത്രിക്കുന്നതിന് ബാങ്കുകൾ എതിരാണ്. ഇത് കർശനമായി നിയന്ത്രിച്ചാൽ സംസ്ഥാനത്തെ വായ്പാ, നിക്ഷേപ അനുപാതം തകരാറിലാകുമെന്നും ബാങ്കുകൾ പ്രതിസന്ധിയിലാകുമെന്നുമാണ് അവരുടെ ആശങ്ക. മാത്രമല്ല നാലുശതമാനം പലിശയ്‌ക്ക് ലഭിക്കുന്ന വായ്പ സംസ്ഥാനത്തെ ഭൂവുടമകൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്നും പ്രളയ പുനരധിവാസ പ്രവർത്തനത്തിൽ കച്ചവടത്തിനും മറ്റ് ജീവനോപാധികളുടെ പുനരുജ്ജീവനത്തിനും അത് സഹായിച്ചെന്നുമാണ് റിപ്പോർട്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എന്നാണ് സർക്കാർ അറിയിച്ചത്.

കാർഷിക മേഖലയ്‌ക്കായി നടപ്പാക്കുന്ന അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ എല്ലാ കർഷകർക്കും നൽകുന്നതിൽ ആശങ്കയുടെ ആവശ്യമേയില്ല. അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ സംബന്ധിച്ച് രാജ്യവ്യാപകമായി പരാതി ഉയർന്നതോടെ കേരളത്തിലും പഞ്ചാബിലും പഠനം നടത്തുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘം കേരളത്തിൽ വന്നത്. സംസ്ഥാന കൃഷി വകുപ്പ് മുൻപറഞ്ഞ നിർദ്ദേശങ്ങൾ സംഘത്തിന് സമർപ്പിച്ചിട്ടുണ്ട്. അവർ അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ.