തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ പൊലീസ് സംഘത്തിന് അദ്ദേഹത്തിന്റെ വിരലടയാളം ശേഖരിക്കാനായില്ല. ഒരു കൈയിൽ ഡ്രിപ്പും മറ്റൊരു കൈയിൽ മുറിവുമായതിനാൽ വിരലടയാളം രേഖപ്പെടുത്താൻ ഡോക്ടർ അനുവദിച്ചില്ല. ഡ്രൈവിംഗ് സീറ്റിൽ നിന്നുള്ള വിരലടയാളം ഫൊറൻസിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് ദൃക്‌സാക്ഷി മൊഴികൾ പ്രകാരം പൊലീസ് സ്ഥിരീകരിച്ചെങ്കിലും അതിന് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കൂടി വേണം. റിമാന്റ് ചെയ്ത് മെഡിക്കൽ കോളേജാശുപത്രിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയ ശേഷം വിരലടയാളം ശേഖരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ ഡോക്ടർമാർ എതിർത്തിരുന്നു.
ഫോറൻസിക് സംഘവും ഫോട്ടോഗ്രാഫർമാരും സ്ഥലത്തെത്തും മുമ്പ് റിക്കവറി വാഹനമുപയോഗിച്ച് അപകടമുണ്ടാക്കിയ കാർ പൊലീസ് അപകട സ്ഥലത്തു നിന്ന് മാറ്റിയത് വിവാദമായിട്ടുണ്ട്. അപകടത്തിൽ കാറിന്റെ ഒരു ടയർ തകർന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് കാര്യമായ തെളിവുകൾ ശേഖരിക്കാനായില്ല. മ്യൂസിയം സ്റ്റേഷനു പിൻവശത്തായാണ് കാർ കൊണ്ടിട്ടത്. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയതും വിരലടയാളം എടുത്തതും അവിടെ നിന്നാണ്. അപകടം നടന്ന സ്ഥലത്ത് നിന്നായിരുന്നു തെളിവ് ശേഖരിക്കേണ്ടത്.