നെയ്യാറ്റിൻകര: ടൗണിൽ നിന്ന് മാലിന്യം കൊണ്ടു തള്ളുന്ന പ്രദേശത്ത് പൂന്തോട്ടം വച്ചുപിടിപ്പിച്ച് മൈസൂർ മോഡൽ നഗരമാക്കാനുള്ള ശ്രമത്തിന് വിലങ്ങുതടിയായി പ്ലാസ്റ്റിക് മാലിന്യം. വ്യാപാരി വ്യവസായി ടൗൺ യൂണിറ്റ് പ്രസിഡന്റ് മഞ്ചന്തല സുരേഷിന്റെ ആശയമാണ് മാലിന്യ കേന്ദ്രം പൂന്തോട്ടമാക്കി മാറ്റുവാൻ ശ്രമം തുടങ്ങിയത്. ഇതോടെ ആലുംമൂട്, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലത്തൊക്കെ വ്യാപാരികൾ പൂച്ചെടികൾ വച്ചു പിടിപ്പിച്ചു. പക്ഷെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൊണ്ടുതള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ഈ പദ്ധതിക്ക് വൻ ഭീഷണി ഉയർത്തുകയാണ്. നഗരസഭ ഹെൽത്ത് സ്‌ക്വാഡിന്റെ രാത്രി പരിശോധന ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പദ്ധതിപ്രകാരം നെയ്യാറ്റിൻകര കോടതി സമുച്ചയത്തിന് പിറകിൽ കന്നിപ്പുറം കടവ് റോഡരികിലെ മാലിന്യം മാറ്റി ഇവിടെ ചെടികൾ നട്ടുപിടിപ്പിച്ചു. മാലിന്യം മുഴുവനും നീക്കംചെയ്തു. രണ്ടു ദിവസത്തേക്ക് മാലിന്യം തള്ളുന്നത് നിലച്ചെങ്കിലും ഇപ്പോൾ കാര്യങ്ങൾ പഴയപടിയായി. കോൺവെന്റ് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. സി.സി ടിവി. ദൃശ്യങ്ങളുടെ സഹായത്തോടെ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുമെന്ന പ്രഖ്യാപനവും പാഴായി.
പ്ലാസ്ടിക് ഉറവിടത്തിൽ നശിപ്പിക്കാതെ കാര്യമില്ല
പ്ലാസ്ടിക് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം പാഴ് വാക്കായതാണ് ടൗണിൽ പ്ലാസ്റ്റിക് മാലിന്യം ഇത്രയധികം കുന്നുകൂടാൻ കാരണം. ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ വ്യാപാരികൾ പൊതിഞ്ഞു കൊടുക്കുന്നത്. ഇതും നിയന്ത്രിച്ചിട്ടില്ല.
അയൽക്കാരൊക്കെ നന്നായി
നെയ്യാറ്റിൻകര നഗരസഭയുടെ സമീപത്തെ പെരുങ്കടവിള, പാറശാല ഗ്രാമപഞ്ചായത്തുകളിൽ പ്ലാസ്റ്റിക് നിരോധനവും വേസ്റ്റ് മാനേജ്മെന്റും ശാസ്ത്രീയമായി തന്നെ നടപ്പാക്കി. വരുന്ന ഒക്ടോബറിൽ മാലിന്യ നിർമ്മാർജ്ജന കാര്യത്തിൽ മോഡൽ പഞ്ചായത്തായി പാറശാല ഉയരുകയാണ്. നാഷണൽ ഗ്രീൻ ട്രൈബ്യൂണലുമായി ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. അതേ പോലെയാണ് പെരുങ്കടവിള പഞ്ചായത്തിലും പ്രസിഡന്റ് ഐ.ആർ. സുനിതയുടെ നേതൃത്വത്തിൽ ഓടകളിലെ മലിനജലം ഒഴുക്കുന്നത് തടഞ്ഞും പ്ലാസ്റ്റിക് നിരോധിച്ചും പഞ്ചായത്ത് പ്രദേശം പൂർണമായും മാലിന്യമുക്തമാക്കി കഴിഞ്ഞു.