കല്ലറ:നാട്ടുകാരുടെ പരാതികൾ സ്വീകരിച്ചിരുന്ന പരാതിപ്പെട്ടികൾക്ക് പരാതിയോടു പരാതി.നാളുകൾക്ക് മുമ്പ് നാട്ടാരുടെ പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയിരുന്ന പരാതിപ്പെട്ടികളാണ് ഇന്ന് പരാതി പറയുന്നത്.പാങ്ങോട്, കല്ലറ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ഇത്തരം ബോക്സുകൾ പുന:സ്ഥാപിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി എങ്കിൽ ആരും തിരിഞ്ഞുനോക്കാതെ നാശോന്മുഖമാകുന്നെന്നാണ് പരാതിപ്പെട്ടിയുടെ സങ്കടം. നാട്ടിൽ നടന്നിരുന്ന കുറ്റകൃത്യങ്ങൾ നേരിട്ടു പറയാനാകാത്തവർക്കും പരാതികൾ പൊലീസിനെ കൃത്യമായി ധരിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പരാതിപ്പെട്ടികൾ എന്ന പദ്ധതി നടപ്പിലാക്കിയത്.അങങനെ സ്ഥാപിച്ച
ഈ പരാതിപ്പെട്ടിയിലൂടെ നിരവധി പ്രശ്നങ്ങൾ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ പരാതിപ്പെട്ടി എന്ന സംവിധാനം തികഞ്ഞ വിജയവുമായിരുന്നു. ഗാർഹിക പീഠനങ്ങൾ, മദ്യപാനികൾ പൂവാലൻമാർ തുടങ്ങിയ സാമൂഹ്യ വിരുദ്ധർ, മദ്യപിച്ചെത്തുന്ന ഭർത്താക്കൻമാരുടെ അതിക്രമങ്ങൾ തുടങ്ങിയവക്കെതിരെയുള്ള പരാതികളാണ് പരാതിപ്പെട്ടി വഴി ലഭിച്ചിരുന്നവയിലധികവും. ഈ പെട്ടികളിൽ കൊണ്ടിടുന്ന പരാതികൾ പൊലീസ് ശേഖരിച്ച് പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ നടപടികളും എടുത്തിരുന്നു. തുടക്കത്തിൽ തന്നെ നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. സ്ത്രീകളും സ്കൂൾ വിദ്യാർത്ഥിനികളുമായിരുന്നു പരാതിക്കാരിൽ ഏറെയും .പരാതികളിൽ പേരും മേൽവിലാസവും നിർബന്ധം അല്ലാതിരുന്നതിനാൽ പരാതികൾ നൽകാനും നാട്ടുകർ ഭയന്നില്ല . മാത്രമല്ല കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നവരെക്കുറിച്ചും പിടകിട്ടാപ്പുള്ളികളെ കുറിച്ചുമെല്ലാം പൊലീസിന് പരാതിപ്പെട്ടികൾ വഴി നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇത് പൊലീസിനെയും ഏറെ സഹായിച്ചിരുന്നു. മേഖലയിൽ പരാതിപ്പെട്ടികൾ ഉണ്ടായിരുന്ന സമയങ്ങളിൽ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധരുടെ ശല്യവും താരതമ്യേനെ കുറവായിരുന്നു. പരാതിപ്പെട്ടികൾ അപ്രത്യക്ഷമായതോടെ അവർ വീണ്ടും സജീവമായി.പഞ്ചായത്തുകളുടേയോ സാമൂഹ്യ സംഘടകളുടേയോ സഹായമുണ്ടായാൽ പരാതിപ്പെട്ടികൾ പുന:സ്ഥാപിക്കുക എളുപ്പമാകും .അതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരാതിപ്പെട്ടികൾ സ്ഥാപിച്ചത്: 10 വർഷം മുൻപ്
സ്ഥാപിച്ചത് 15 സ്ഥലത്ത്
പ്രവർത്തനം നിലച്ചിട്ട് : 4 വർഷം
ആ പരാതിപ്പെട്ടികൾ ഇവിടെ
1.ചെറുവാളം
2.മുതുവിള
3.കല്ലറ ജംഗഷൻ
4.പാങ്ങോട്
5.ഭരതന്നൂർ
6.മൈലമൂട്
പരാതി പറയും പെട്ടികൾ
പരാതിയെഴുതി പരാതിപ്പെട്ടികളിൽ നിക്ഷേപിക്കാം. പൊലീസിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഈ പരാതിപ്പെട്ടികൾ ഇടവിട്ടുള്ള ദിവസങ്ങളിൽ പരിശോദിക്കും. പരാതികളുടെ സ്വഭാവമനുസരിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കും.പരാതിക്കാരന്റെ പേരോ മേൽവിലാസമോ വേണ്ട എന്നത് നാട്ടുകാരെ ഏറെ ഇതിലേക്ക് അടുപ്പിച്ചു.
പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ വേണ്ട ഫണ്ടിന്റെ കാര്യത്തിൽ പൊലീസിന് പരിമിതികളുണ്ട്.
തദ്ദേശസ്ഥാപനങ്ങളോ, സാമൂഹ്യ സംഘടനകളോ സഹകരിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. പരാതിപ്പെട്ടികൾ സ്ഥാപിച്ചുകഴിഞ്ഞാൽ അത് നാട്ടുകാർക്കും, പൊലീസിലും വളരെ ഉപയോഗപ്രദമാകും.
സുനീഷ് , എസ്.എച്ച്. ഒ പാങ്ങോട് പൊലീസ്.