1

നേമം: വാഹന യാത്രികർക്ക് ഇനി ഭയമില്ലാതെ കരമന പാലത്തിലൂടെ രാത്രിയിലുടനീളം സഞ്ചരിക്കാം. കരമനയാറിന് കുറുകെയുള്ള പുതിയ പാലത്തിലും പഴയപാലത്തിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം വാർഡ് കൗൺസിലർ കരമന അജിത്ത് നിർവഹിച്ചു. കൗൺസിലറുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭാ ഫണ്ടിൽ നിന്ന് അൻപതിനായിരത്തോളം രൂപ വിനിയോഗിച്ചാണ് ഇരു പാലങ്ങളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. വർഷങ്ങളായി കരമന പാലത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. ഇവിടെ റോഡിന് ഒരു വശത്തേക്ക് പോസ്റ്റുകൾ തള്ളിനിൽക്കുന്നതും അപകടങ്ങൾക്ക് മറ്റൊരു കാരണമായിരുന്നു. ഇരുട്ട് മാറിയതോടെ ഇരുചക്ര വാഹന യാത്രികർക്ക് ഇപ്പോൾ സുരക്ഷിതമായി സഞ്ചരിക്കാം. കരമന വാർഡിൽ കൂടുതൽ സ്ഥലങ്ങളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് കൗൺസിലർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ പൂജപ്പുര ഇലക്ട്രിസിറ്റി സെക്ഷൻ അസി. എൻജിനിയർ എ.മുഹമ്മദ് റാഫി, ബി.ജെ.പി മണ്ഡലം സെക്രട്ടറിമാരായ എൻ. സുന്ദർ, പാപ്പനംകോട് രാജേഷ്, ഏരിയാ പ്രസിഡന്റ് കരമന ശങ്കർ, വൈസ് പ്രസിഡന്റ് അഡ്വ. അരുൾ, എസ്.സി. മോർച്ച മണ്ഡലം സെക്രട്ടറി മഹേഷ്, കരമന ഹരികൃഷ്ണൻ, കിരൺ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.