നേമം: നേമം പൊലീസ് സ്റ്റേഷനു മുന്നിൽ അധികൃതർ പിടികൂടി അനധികൃതമായി നിരത്തിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ കാൽനട യാത്രികർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി ആക്ഷേപം ശക്തം. അപകട മേഖലയായ കരമന-കളിയിക്കാവിള ദേശീയപാത കടന്നുപോകുന്ന നേമം പൊലീസ് സ്റ്റേഷനു മുന്നിലാണ് ഇത്തരത്തിൽ അനധികൃതമായി റോഡ് കൈയേറി തൊണ്ടി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. പല സന്ദർഭങ്ങളിലും ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉന്നത അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരുവിധ നടപടിയും കൈകൊണ്ടിട്ടില്ല എന്നതാണ് വാസ്തവം. രാത്രി സമയങ്ങളിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് വഴിമുടക്കിയായി കിടക്കുന്ന തൊണ്ടി വാഹനങ്ങൾ ശക്തമായ ഭീഷണിയായി മാറുകയാണ്. പല സന്ദർഭങ്ങളിലും അപകടങ്ങൾ സംഭവിക്കുമ്പാേൾ മാത്രമാണ് പ്രതിഷേധം ഉണ്ടാകാറുള്ളത്. നിയമം പാലിക്കപ്പെടേണ്ടവർ തന്നെയാണ് പലപ്പോഴും നിയമ ലംഘനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം. പലപ്പോഴും പിടിച്ചിടുന്ന വാഹനങ്ങളിൽ അധികവും ജെ.സി.ബിയും ടിപ്പറുകളുമാണ്. ഇത്തരത്തിൽ പിടിച്ചിടുന്ന വാഹനങ്ങൾ ആഴ്ചകളോളം ദേശീയപാതയിൽ വഴിമുടക്കിയായി കിടക്കുകയാണ് പതിവ്. വരും ദിവസങ്ങളിൽ നാട്ടുകാരുടെയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഉന്നത അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
തൊണ്ടി വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കാരണം അപകടങ്ങൾ പെരുകുകയാണ്
കാൽനടയാത്രക്കാർക്കും ഇത് വളെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്
ഇത്തരത്തിൽ തൊണ്ടി വാഹനങ്ങൾ ആഴ്ചകളോളം ഇവിടെ പാർക്ക് ചെയ്യാറുണ്ട്
ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉന്നത അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല
ഹെവി വാഹനങ്ങളാമ് പലപ്പോഴും ഇവിടെ പിടിച്ചിടാറ്. ഇത് റോഡിന്റെ വീതി കവർന്നെടുക്കുകയാണ്
ഫോട്ടോ: ദേശീയപാതയിൽ നേമം പൊലീസ് സ്റ്റേഷനു മുന്നിൽ പിടികൂടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ.