accident-death

ബൈക്കോടിച്ച യുവാവും മരിച്ചു

മലയിൻകീഴ്: സൈക്കിളിൽ പത്രം വിതരണം ചെയ്യുന്നതിനിടെ റോഡരികിൽ നിന്ന സബ് ഏജന്റ് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് മരിച്ചു. മണ്ണടിക്കോണം മഞ്ഞറമൂല രാജേഷ് ഭവനിൽ പി. മോഹനൻ നായരാണ് (64) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് ഓടിച്ച വിതുര തൊളിക്കോട് സ്വദേശി അക്ബറും (20) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചു.

ബൈക്കിൽ അക്ബറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൃഷ്ണചന്ദ് (23) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 7.30ന് മണ്ണടിക്കോണം പാപ്പാകോടിന് സമീപമായിരുന്നു അപകടം.

സൈക്കിളിൽ പത്രകെട്ടുമായി വീടുകൾതോറും വിതരണം ചെയ്യുന്നതിനിടെ സൈക്കിളിൽ നിന്ന് ഇറങ്ങി റോഡരികിൽ നിൽക്കുകയായിരുന്ന മോഹനൻനായരെ അതേ ദിശയിൽ നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .ഓടിക്കൂടിയ നാട്ടുകാർ മോഹനൻനായരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ചിരുന്ന അക്ബറിന്റെ ഹെൽമെറ്റ് ഊരി തെറിച്ച് തല സമീപത്തെ ഓടയിൽ ഇടിച്ചു. ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മോഹനൻനായർ കഴിഞ്ഞ 30 വർഷമായി മാറനല്ലൂർ പ്രദേശത്ത് കേരളകൗമുദി ഉൾപ്പെടെ വിവിധ പത്രങ്ങളുടെ സബ് ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ഭാര്യ പ്രസന്ന തങ്കച്ചി, മക്കൾ: രതീഷ് (വി.എസ്.എസ്.സി), രാജേഷ് (സി.ആർ.പി.എഫ്). മരുമക്കൾ : ആശ,വിദുലത.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൻ രാജേഷ് എത്തിയശേഷം സംസ്‌കാരം നടക്കും.

അക്ബറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.

അൽഅമീനാണ് അക്ബറിന്റെ പിതാവ്. മാതാവ് ഫസീലാബീവി.സഹോദരൻ അഷ്ക്കർ.