life-mission

തിരുവനന്തപുരം: കേരള സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇതോടെ ദേശീയതലത്തിൽ ഏ​റ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും അധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. ഡിസംബറോടെ പദ്ധതിയിൽ സംസ്ഥാനത്ത് പൂർത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും. പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ നിർമ്മാണമാണ് ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളിൽ 51,509 വീടുകൾ (94.77%) നിർമ്മിച്ചുകഴിഞ്ഞു. 633.67 കോടി രൂപ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് നൽകി. രണ്ടാംഘട്ടത്തിൽ 30,359 (34.58%) ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു. പി.എം.എ.വൈ ​ ലൈഫ് അർബൻ പ്രകാരം 21,776 (30.08%) വീടുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള വീടുകൾ വിവിധ ഘട്ടങ്ങളിലാണ്. മൂന്നാംഘട്ടത്തിൽ അടിമാലിയിൽ ഭവന സമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ 163 ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ ഗ്രാമസഭ സർവേയിലൂടെ കണ്ടെത്തി അംഗീകരിച്ച 1,73,065 ഗുണഭോക്താക്കളിൽ രേഖാപരിശോധനയിലൂടെ 98,281 പേർ അർഹത നേടി. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി 86,341പേർ കരാറിൽ ഏർപ്പെട്ടു. രണ്ടാംഘട്ടത്തിൽ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്തുകൊണ്ട് കുറഞ്ഞ നിരക്കിൽ വീട് നിർമാണ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ലൈഫ് മിഷൻ കൈക്കൊണ്ടിട്ടുണ്ട്.