uparodham

ആര്യനാട് :വെള്ളനാട് - ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിൽ പറണ്ടോട് ചേരപ്പള്ളി വളവ് അപകടത്തുരുത്തായി മാറുകയാണ്. ഇന്നലെ പുലർച്ചെ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രാക്കാരൻ മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ആര്യനാട്- വിതുര റോഡ് നിർമ്മാണത്തിലെ പിഴവുകാരണം അപകടങ്ങൾ നിത്യ സംഭവമാവുകയാണ്. ബൈക്കുകളിൽ സുഹൃത്തുക്കൾക്കൊപ്പം പൊൻമുടിയിലേക്ക് യാത്രതിരിച്ച സ്വകാര്യ കാർ കമ്പനിയിലെ ജീവനക്കാരൻ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് കീഴാറൂർ പഴവൂർക്കോണം തെള്ളിക്കുഴി ജീസസ് നിവാസിൽ വി.ജി.അനീഷ് തത്ക്ഷണം മരിച്ചതോടെയാണ് പ്രതിഷേധ സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്.

ചേരപ്പള്ളി വളവിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് നടന്നത്. ഇതിൽ ആറുപേരുടെ ജീവൻ നഷ്ടമായതായും നാട്ടുകാർ പറയുന്നു. അപകട സമയത്ത് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റോഡ് ഉപരോധ സമരവുമായെത്തിയത്. വെള്ളനാട് - ചെറ്റച്ചൽ റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ വളവുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സിഗ്നലുകളും സ്ഥാപിക്കണമെന്നും നിർമ്മാണ പിഴവ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ആര്യനാട് പൊലീസ് ഇൻസ്‌പെക്ടർ യഹിയ സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഉപരോധം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ദീക്ഷിത്, പുറുത്തിപ്പാറ സജീവ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

പ്രധാന ആവശ്യങ്ങൾ

വളവുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം

മുന്നറിയിപ്പ് ബോർഡുകളും സിഗ്നലുകളും അത്യാവശ്യമാണ്

രാത്രികാലങ്ങളിൽ തെരുവിളക്കുകളും പ്രകാശിക്കാറില്ല

പൊലീസ് ചെക്കിംഗും കാര്യക്ഷമമാക്കണം

റോഡ് നിർമ്മാണത്തിലെ അപാകത പരിശോധിക്കണം