supplyco

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് 14 ജില്ലാ കേന്ദ്രത്തിലും പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളിലും സെപ്തംബർ ഒന്നുമുതൽ 10 വരെ ഓണം- ബക്രീദ് ഫെയറുകൾ നടത്താൻ സർക്കാർ തീരുമാനിച്ചു. സപ്ലൈകോയുടെ വിൽപനശാലയിലൂടെ ലഭിക്കുന്നവയ്ക്ക് പുറമെ ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ, ഹാൻടെക്‌സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ തുടങ്ങി വിവിധ വകുപ്പുകളുടെ ഉത്പന്നങ്ങളും ഉണ്ടാകും. താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേകമായോ പ്രമുഖ സപ്ലൈകോ വിൽപ്പനശാലയോട് ചേർന്നോ ആകും ഫെയറുകൾ. ജില്ലാ/ താലൂക്കുതല ഫെയറുകളിൽ പച്ചക്കറി വിൽപനയ്ക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും.സപ്ലൈകോ വിൽപനശാല ഇല്ലാത്ത 21 പഞ്ചായത്തിൽ പ്രത്യേക മിനി ഫെയറുകൾ പ്രവർത്തിപ്പിക്കും. ആദിവാസിമേഖലകളിൽ മൊബൈൽ മാവേലി സ്‌റ്റോറുകളുടെ സേവനം ലഭ്യമാക്കും.

കൺസ്യൂമർഫെഡ് 3500 കേന്ദ്രത്തിൽ ഓണച്ചന്തകൾ നടത്തും. 200 ത്രിവേണികൾ, 3300 സഹകരണച്ചന്ത എന്നിവ മുഖേനയുമാണ് വിപണി സംഘടിപ്പിക്കുന്നത്. ബക്രീദ് ചന്തകൾ ഏഴ് മുതൽ 12 വരെയും ഓണ വിപണി സെപ്തംബർ ഒന്നുമുതൽ 10 വരെയുമാണ് നടത്തുക. കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും നേതൃത്വത്തിൽ 2000 ഓണച്ചന്ത ഉണ്ടാകും.