malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗവ.മാധവകവി സ്മാരക കോളേജിന് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ കളിസ്ഥലം വിട്ടുനൽകണമെന്ന ആവശ്യത്തിൽ നിന്ന് കോളേജ് പിന്മാറി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് ഇന്ന് രാവിലെ 10 ന് സ്ഥലം സന്ദർശിക്കും. കളിസ്ഥലം നിലനിറുത്തി കോളേജ് വികസനം സാദ്ധ്യമാക്കുന്നതിനുള്ള പൊതുധാരണയുടെ ഭാഗമായിട്ടാണ് സന്ദർശനം. സ്കൂൾ അധികൃതർ ശക്തമായി രംഗത്ത് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് സ്കൂൾ കളിസ്ഥലം നിലനിറുത്തി കോളേജ് വികസനം സാദ്ധ്യമാക്കാൻ തീരുമാനിക്കുന്നത്. മലയിൻകീഴ് ഗവ.കോളേജിന് വേണ്ടി അഞ്ച് ഏക്കർ സ്ഥലം 2014-ൽ രണ്ട് സ്കൂളുകളുടെ സ്ഥലത്ത് നിന്ന് വിട്ട് നൽകിയിരുന്നു.മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ 3.9-ഏക്കറും മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ 1.10-ഏക്കറുമാണ് രേഖാമൂലം വിട്ട് നൽകിയത്. കളിസ്ഥലം ഉൾപ്പെടുന്ന ഭാഗം റവന്യൂ വിഭാഗം തയാറാക്കിയ സ്‌കെച്ചിൽ വന്നതാണ് തർക്കത്തിന് കാരണമായത്. സ്‌കൂൾ കളിസ്ഥലത്ത് കോളേജിന്റെ വികസന പ്രവർത്തനം നടത്തുന്നതിനെക്കുറിച്ചാലോചിക്കാൻ അധികൃതരെത്തിയപ്പോഴാണ് സ്‌കൂൾ അധികൃതർ കളിസ്ഥലത്തിന്റെ പകുതി കോളേജിന് വിട്ടു നൽകണമെന്നറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത്. തുടർന്ന് അതിർത്തി നിശ്ചയിക്കാതെ നിർമ്മാണം അനുവദിക്കില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൾ ഡോ.ഐ.ആർ.ജീജ വ്യക്തമാക്കിയിരുന്നു.കോളേജിന് അനുവദിച്ച 7.95 കോടി രൂപയുടെ വികസന പദ്ധതി പുരോഗമിക്കുകയാണിപ്പോൾ.കോളേജ് കാന്റീൻ,അക്കാഡമിക് ബ്ലോക്ക്,മെൻസ് ഹോസ്റ്റൽ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം 6 ന് മന്ത്രി കെ.ടി.ജലീൽ നിർവഹിക്കാനിരിക്കുകയാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂൾ കളിസ്ഥലത്ത് മെൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്.