വിതുര:കളക്‌ഷൻ കൂട്ടാനും യാത്രാക്ലേശം പരിഹരിക്കാനുമെന്ന പേരിൽ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയ അശാസ്ത്രീയമായ ഷെഡ്യൂൾ പരിഷ്കാരത്തിനെതിരെ പ്രതിഷേധം ഉയരുന്നു. വർഷങ്ങളായി മികച്ച കളക്‌ഷനുമായി ജനോപകാരപ്രദമായി ഒാടിയിരുന്ന ഫാസ്റ്റ് സർവീസുകളാണ് പരിഷ്കരണത്തിന്റെ ഭാഗമായി നിലച്ചത്. ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെയാണ് മിക്ക ദീർഘദൂര സർവീസുകളുടെയും കളക്‌ഷൻ. ഇത്തരം സർവീസുകൾ വെട്ടിക്കുറച്ചതുമൂലം എല്ലാ ഡിപ്പോകളിലെയും കളക്‌ഷൻ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വിതുര, പാലോട്, ആര്യനാട്, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നു വർഷങ്ങളായി ഒാടിയിരുന്ന സർവീസുകൾ വെട്ടിക്കുറച്ചതിനെതിരെ നാട്ടുകാർ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പുതിയ പരിഷ്കരണം മൂലം എം.സി റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാൻ കഴിയുമെന്നും കളക്‌ഷൻ കൂട്ടാൻ സാധിക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി മേധാവികൾ പറയുന്നത്. എന്നാൽ ഇത് തലതിരിഞ്ഞ പരിഷ്കാരമാണെന്നും യാത്രാക്ലേശം വർദ്ധിക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ഇരട്ടിക്കുമെന്നുമാണ് യൂണിയൻ നേതാക്കളും യാത്രക്കാരും പറയുന്നത്. വിതുര ഡിപ്പോയിൽ നിന്ന് വർഷങ്ങളായി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ് പരിഷ്കരിച്ച് കായംകുളം വരെയാക്കി. ഇൗരാറ്റുപേട്ടയിലേക്കുണ്ടായിരുന്ന ബസ് കൊട്ടാരക്കരവരെയും മൂവാറ്റുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് വെട്ടിക്കുറച്ച് തൊടുപുഴ വരെയുമാക്കി. വിതുരയിൽ നിന്ന് പത്തനംതിട്ടയിലേക്കും ചക്കുളംകാവ് ക്ഷേത്രത്തിലേക്കുമുള്ള ബസും വെട്ടിച്ചുരുക്കാൻ തീരുമാനമായിട്ടുണ്ട്. പാലോട്,ആര്യനാട്,നെടുമങ്ങാട് ഡിപ്പോകളിലെ അവസ്ഥയും സമാനമാണ്. പുതിയ പരിഷ്കരണം യാത്രാദുരിതം വർദ്ധിപ്പിക്കുമെന്നുള്ളത് വസ്തുതയാണ്. ഇടയ്ക്ക് പരിഷ്കരണത്തിന്റെ ഭാഗമായി ആദിവാസിമേഖലകളിലേക്കും തലസ്ഥാനത്തേക്കുമുള്ള അനവധി ബസ് സർവീസുകൾ നിറുത്തലാക്കിയിരുന്നു. യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിച്ചിരുന്നു.
വിതുര ഡിപ്പോ പടിക്കൽ ധർണ നടത്തി
വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എെ വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി മെമ്പർ എസ്.കുമാരപിള്ള ഉദ്ഘാടനം ചെയ്തു. വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻനായർ, ലാൽറോഷി, ജി.ഡി. ഷിബുരാജ്, വി.അനിരുദ്ധൻനായർ, കല്ലാർ മുരളി, ബി.എൽ.മോഹനൻ, പി.ജലജകുമാരി, വിതുര തുളസി, മണ്ണറ വിജയൻ, കെ.ആർ.വിജയൻ, പ്രേംഗോപകുമാർ എന്നിവർ പങ്കെടുത്തു.
പടം
കോൺഗ്രസ് എെ വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു മുന്നിൽ നടത്തിയ ധർണ