സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യത്തിന്
തായ്‌ലൻഡ് ഒാപ്പൺ ബാഡ്മിന്റൺ ഡബിൾസ് കിരീടം
ബാങ്കോക്ക് : ആദ്യമായി ഒരു ബി.ഡബ്‌ള്യു.എഫ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം നേടുന്ന ഇന്ത്യൻ സഖ്യമായി സാത്വിക് സായ് രാജ് റാൻകി റെഡിയും ചിരാഗ് ഷെട്ടിയും. ഇന്നലെ തായ്‌ലൻഡ് ഒാപ്പണിന്റെ ഫൈനലിൽ ചൈനയുടെ ലിയുൻ ഹുയി -ലിയു ചെൻ സഖ്യത്തെ ആവേശപ്പോരിൽ കീഴടക്കിയാണ് സാത്വിക് -ചിരാഗ് സംഖ്യം ചരിത്രം കുറിച്ചത്.
സീഡ് ചെയ്യപ്പെടാത്ത ജോഡിയായി ടൂർണമെന്റിനെത്തിയ സാത്വികും ചിരാഗും മൂന്ന് ഗെയിം നീണ്ട ഫൈനലിൽ 21-19, 18-21, 21-18 എന്ന സ്കോറിനാണ് മൂന്നാം സീഡായ ചൈനീസ് സഖ്യത്തെ കീഴടക്കിയത്. ഒരുമണിക്കൂർ രണ്ട് മിനിട്ട് നീണ്ട മത്സരത്തിലായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.
2018 കോമൺ വെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഇൗ സീസണിലെ ആദ്യഫൈനലായിരുന്നു തായ്ലൻഡിലേത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ ഗെയിം മുതൽ നടന്നത്. 3-3 എന്ന നിലയിൽ നിന്ന് 10-6 ന്റെ ലീഡ് നേടിയ ഇന്ത്യൻ സഖ്യത്തെ 14-14ന് ചൈനീസ് സഖ്യം ആദ്യ ഗെയിമിൽ സമനിലയിലാക്കിയിരുന്നു. തുടർന്ന് പതിയെ ലീഡുയർത്തി ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ 6-2 ന്റെ ലീഡോടെ സാത്വിക്കും ചിരാഗും തുടങ്ങിയെങ്കിലും കൈവിട്ടുപോയി. നിർണായകമായ മൂന്നാം ഗെയിമിൽ വീണ്ടും വാശിയോടെ പൊരുതി കിരീടം പിടിച്ചെടുക്കുകയായിരുന്നു.