sreeramvenkittaraman

തിരുവനന്തപുരം: പൊലീസിന്റെ ഒത്തുകളിയിൽ സഹികെട്ട് ഒടുവിൽ കോടതിക്ക് പറയേണ്ടിവന്നു: മതി, സ്വകാര്യ ആശുപത്രിയിൽ പ്രതിയുടെ സുഖവാസം! മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിട്ടും ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ കഴിയാൻ ഒത്തുകളി നടത്തിയ പൊലീസ് ഒടുവിൽ പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റാൻ തയ്യാറായത് കോടതി ഇടപെട്ടതിനു ശേഷം.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാൻ കഴിയാത്ത വിധം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ശ്രീറാമിനില്ലെന്ന് കിംസ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിലുണ്ട്. കൈത്തണ്ടയ്‌ക്ക് നിസാര പരിക്കു മാത്രം. എന്നിട്ടും പൊലീസിന്റെ സഹായവും ഉന്നതസ്വാധീനവും കാരണം ഇന്നലെ വൈകുംവരെ കിംസ് ആശുപത്രിയിൽ എ.സി ഡീലക്സ് സ്യൂട്ടിലായിരുന്നു ശ്രീറാമിന്റെ വിശ്രമം.ഇവിടെ തുടർന്നുകൊണ്ട് ജാമ്യത്തിനു ശ്രമിക്കുകയായിരുന്നു ഉദ്ദേശ്യം.

ആശുപത്രിയുടെ ഒൻപതാം നിലയിൽ കഴിഞ്ഞ ശ്രീറാം മൊബൈലും സോഷ്യൽ മീഡിയ സൗകര്യങ്ങളും ഉപയോഗിച്ച് സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പരിചരിച്ചത് തിരുവനന്തപുരം

മെഡിക്കൽ കോളേജിൽ ഒരുമിച്ചു പഠിച്ചവരും പരിചയക്കാരുമായ ഡോക്ടർമാർ. മൂന്ന് പൊലീസുകാർ കാവൽ നിൽക്കെ, റിമാൻഡ് പ്രതിയുടെ മുറിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കളായ ഉദ്യോഗസ്ഥരർക്കും സന്ദർശനത്തിന് തടസമുണ്ടായില്ല.

ശ്രീറാമിന്റെ പഞ്ചനക്ഷത്ര വാസം മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ പൊലീസ് പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും സിറാജ് ദിനപത്രം മാനേജ്‌മെന്റും മറ്റും ശ്രീറാമിന്റെ സ്വകാര്യ ആശുപത്രിവാസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർക്കാരിനും ഇടപെടാതിരിക്കാനായില്ല. തുടർന്ന്,

വൈകുന്നേരത്തോടെ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയ ശേഷം ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. മുഖത്ത് മാസ്‌ക് ധരിപ്പിച്ച്, ശരീരം പൂർണമായും മൂടിയ നിലയിലാണ് ശ്രീറാമിനെ പൊലീസ് പുറത്തേക്ക് കൊണ്ടുവന്നത്.

മന:പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ശ്രീറാമിന് എതിരെ ആദ്യം കേസെടുത്തിരുന്നത്. 1000 രൂപ പിഴയും പരമാവധി ആറുമാസം തടവും കിട്ടാവുന്ന 276-ാം വകുപ്പും മാത്രം എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. വ്യാപക പ്രതിഷേധം ഉയർന്നതിനു ശേഷമാണ് മന:പൂർവമായ നരഹത്യയ്ക്ക് ജാമ്യമില്ലാ വകുപ്പ് (ഐ.പി.സി 304-എ) ചുമത്തിയത്. അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വനിതാസുഹൃത്ത് വഫാ ഫിറോസിനെ പ്രതി ചേർത്തതും സംശയകരമാണ്. ദൃക്‌സാക്ഷിയെ കൂട്ടുപ്രതിയാക്കി ശക്തമായ മൊഴി ഇല്ലാതാക്കാനാണ് പൊലീസ് ശ്രമമെന്നാണ് സംശയം. കാർ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന നിർണായക മൊഴി വഫയുടേതാണ്.

അതേസമയം,​ മദ്യപിച്ച് കാർ ഓടിച്ച് അപകടം വരുത്തിയ ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കുന്നത് 9 മണിക്കൂർ വൈകിച്ച പൊലീസിന്,​ അതിന്റെ പരിശോധനാ ഫലം ഇനിയും ലഭിച്ചില്ല.