-basheer

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റേത് കൊലപാതകമാണെന്നും,​ സംഭവത്തിൽ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചെയർമാൻ എ. സെയ്ഫുദ്ദീൻ ഹാജി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്നു കെ.എം. ബഷീർ.

അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ പ്രത്യേകസംഘം അന്വേഷിക്കണം. കിംസിലെ ഡോക്ടർമാർ ഇന്നലെ മുതൽ പറയുന്നത് ശ്രീറാമിന്റെ നട്ടെല്ലിന് പരിക്കുണ്ടെന്നാണ്. ആദ്യം പറയാതിരുന്ന കാര്യമാണിത്. സർക്കാരിന്റെ മെഡിക്കൽ ബോർഡ് ശ്രീറാമിനെ പരിശോധിച്ച് പരിക്കിനെകുറിച്ച് വ്യക്തത വരുത്തണം. ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യപ്പെട്ടാൽ 48 മണിക്കൂറിനകം സസ്‌പെൻഡ് ചെയ്യണമെന്നാണ് ചട്ടം- സെയ്ഫുദ്ദീൻ ഹാജി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമാണ്. എന്നാൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി സംശയമുണ്ട്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥ കിംസ് ആശുപതിയിൽ ശ്രീറാമിനെ സന്ദർശിച്ചത് സംശയകരമാണ്. പൊലീസിന്റെ ഭാഗത്തു നിന്ന് തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്നും ബഷീറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ മുഖ്യമന്തിയും ഡി.ജി.പിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.