നെടുമങ്ങാട് : സർവീസ് പരിഷ്കാരത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് കൊല്ലം വഴിയുള്ള മുഴുവൻ സർവീസുകളും നിറുത്തലാക്കിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. സൂപ്പർഫാസ്റ്റുകളെയും ഫാസ്റ്റ് പാസഞ്ചറുകളെയും ക്രമീകരിക്കുന്നെന്ന വ്യാജേനയാണ് അധികൃതരുടെ നടപടി. ലക്ഷക്കണക്കിന് രൂപ പ്രതിദിനം കളക്ഷൻ നേടിയിരുന്ന സർവീസുകൾ നിറുത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പതിനാല് ഫാസ്റ്റ് പാസഞ്ചറുകളാണ് നിറുത്തലാക്കിയിട്ടുള്ളത്. അതിനാൽ നെടുമങ്ങാട്ടുകാർക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ എത്തിയാൽ മാത്രമേ കൊല്ലത്തേക്ക് പോകാൻ കഴിയൂ എന്ന സ്ഥിതിയാണിപ്പോൾ. വെമ്പായം - എം.സി റോഡ് മാർഗം സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് ബസുകളാണ് നിറുത്തിയത്. എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും ഹൈക്കോടതി ജീവനക്കാർക്കും ഇതുവഴിയുള്ള സർവീസുകളായിരുന്നു ആശ്രയം. നിലവിൽ കോട്ടയം, ചക്കുളത്തുകാവ്, പുനലൂർ എന്നിവിടങ്ങളിലേക്ക് മാത്രമാണ് നെടുമങ്ങാട്ട് നിന്ന് നേരിട്ട് സർവീസുള്ളത്. ഈ സർവീസുകളും ഇനി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാവും പുറപ്പെടുക.
നിറുത്തലാക്കിയത് ഇവ
രാവിലെ 5.50 നുള്ള പുനലൂർ, രാവിലെ 7.30 നു ളള കൊല്ലം-എറണാകുളം, 8.30 നുളള കോട്ടയം-എറണാകുളം, 6.10, 6.50, 8.40, 10.40 കൊല്ലം ഫാസ്റ്റ് പാസഞ്ചർ, ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വൈകിട്ട് മൂന്ന് മണിയുടെ കൊല്ലം -പാലക്കാട്, വൈകിട്ട് 4.10,5.10 നുളള കൊല്ലം ഫാസ്റ്റ് പാസഞ്ചർ എന്നിവ നിറുത്തിയത് സ്ഥിരം യാത്രക്കാരെ വട്ടം ചുറ്റിക്കുന്നുണ്ട്. ദിവസവും രാവിലെ 6.15 നും 6.30 നും വെമ്പായം വഴി ചക്കുളത്തുകാവിലേക്ക് നടത്തിയിരുന്ന സർവീസുകളും തിരുവനന്തപുരം വഴി പുനഃക്രമീകരിച്ചിട്ടുണ്ട്.
സമയനഷ്ടവും അധിക ബാദ്ധ്യതയും
പുലർച്ചെ നെടുമങ്ങാട് ഡിപ്പോയിലെത്തിയാൽ സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാമായിരുന്നു. ഇനി മുതൽ തിരുവനന്തപുരം ടിക്കറ്റേ ലഭിക്കു. അവിടെ നിന്ന് ഇതേബസിൽ ദീർഘദൂര യാത്ര തുടരണമെങ്കിൽ ഡിപ്പോയിൽ കാത്ത് കിടക്കണം. ഇതിനിടെ മറ്റു ഡിപ്പോകളിൽ നിന്നുള്ള ബസുകൾ തമ്പാനൂരിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരിക്കും. യാത്രക്കാർക്ക് സമയനഷ്ടവും അധിക ബാദ്ധ്യതയും അടിച്ചേല്പിക്കുന്ന നടപടിയാണ് കെ.എസ്.ആർ.ടി.സിയുടേതെന്ന് ആരോപണമുണ്ട്. നെടുമങ്ങാട് താലൂക്കിലെ മലയോര പ്രദേശങ്ങളായ പാലോട്, വിതുര, ആര്യനാട്, പാങ്ങോട്, ആനാട് എന്നിവിടങ്ങളിലെ യാത്രക്കാർ നെടുമങ്ങാട് നിന്നുള്ള ദീർഘദൂര സർവീസുകളെയായിരുന്നു ആശ്രയിച്ച് പോന്നിരുന്നത്.
നെടുമങ്ങാട്ടെ ദീർഘദൂര ഫാസ്റ്റ് റദ്ദാക്കൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും എം.ഡിക്കും നിവേദനം നൽകും.
-എംപ്ലോയിസ് അസോസിയേഷൻ ഭാരവാഹികൾ
പ്രതികരണം
''മലയോര മേഖലയിലെ യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന നടപടിയാണ് അധികൃതരുടേത്. വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ദീർഘരൂര ഫാസ്റ്റുകൾ നിറുത്തിയത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രചാരണ, പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും''
-ആനാട് ജയൻ (ജില്ലാപഞ്ചായത്തംഗം)
നിറുത്തലാക്കിയത് 14 ഫസ്റ്റ് പാസഞ്ചറുകൾ