sreeram

സ്വകാര്യ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി മജിസ്‌ട്രേട്ടിന്റെ ഉത്തരവ്

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല

തിരുവനന്തപുരം:മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റാൻ ജില്ലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര ജില്ലാജയിലിൽ എത്തിച്ച ശ്രീറാമിനെ വൈദ്യസഹായം

ആവശ്യമുള്ളതിനാൽ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. അതിനിടെ, ജാമ്യം തേടി ശ്രീറാം ഇന്ന് സി. ജെ. എം. കോടതിയെ സമീപിക്കും.

കോടതി റിമാൻഡ് ചെയ്ത ശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീറാം. സ്വകാര്യ ആശുപത്രിയിൽ കഴിയാൻ തക്ക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടും.

മുഖത്ത് മാസ്‌ക് ധരിപ്പിച്ച് സ്‌ട്രെച്ചറിൽ കിടത്തി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ കയറ്റിയാണ് ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് മാറ്റിയത്.

പൂജപ്പുര ജില്ലാജയിലിൽ എത്തിച്ച ശ്രീറാമിനെ സെൻട്രൽ ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കുമാർ എത്തി ആംബുലൻസിൽ കയറി പരിശോധിച്ചു. അമിത രക്തസമ്മർദ്ദവും കൈയിലും തലയിലും ചെറിയ പരിക്കുകളുമുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. തുടർന്ന് ജില്ലാ ജയിൽ അധികൃതരുടെ കത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വൈദ്യസഹായം ആവശ്യമുള്ള പ്രതികളെ പാർപ്പിക്കുന്ന ജയിൽ സെല്ലിലായിരിക്കും ശ്രീറാമിനെ കിടത്തുക.

ഇന്നലെ രാവിലെ മുതൽ കിംസ് ആശുപത്രി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ശ്രീറാമിനെ കോടതിയിലേക്ക് കൊണ്ടുപോകുമെന്ന ധാരണയിൽ മാദ്ധ്യമസംഘവും എത്തി. മെയിൻ ഗേറ്റിലും എമർജൻസി ഗേറ്റിന് സമീപത്തുമായി മാദ്ധ്യമ പ്രവർത്തകർ നിലയുറപ്പിച്ചു. നാലുമണിയോടെ മ്യൂസിയം സി.ഐ സുനിൽ എത്തി. തുടർന്ന് കഴക്കൂട്ടം അസിസ്റ്രന്റ് കമ്മിഷണർ അനിൽ കുമാറുമെത്തി. മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുപോകാനായിരുന്നു പൊലീസിന്റെ ശ്രമം.

വൈകിട്ടാണ് ശ്രീറാമിനെ മാറ്റുന്നതിന് ആശുപത്രി അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകിയത്. മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ആറ് മണിയോടെ ജില്ലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എസ്.ആർ അമലിന്റെ വഞ്ചിയൂരിലെ വീട്ടിലേക്ക് ആംബുലൻസിൽ ശ്രീറാമിനെ എത്തിക്കുകയായിരുന്നു.
മജിസ്‌ട്രേട്ട് ആംബുലൻസിനടുത്തെത്തിയാണ് ശ്രീറാമിനെ കണ്ടത്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം ആശുപത്രിയിൽ തുടരേണ്ട ആരോഗ്യ പ്രശ്നങ്ങളില്ലെന്നു കണ്ട് ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. മജിസ്‌ട്രേട്ടിന്റെ വസതിയിൽ നിന്ന് പൂജപ്പുര ജയിലിലേക്കും ആംബുലൻസിൽ തന്നെയാണ് കൊണ്ടുപോയത്.

റിമാൻഡിലുള്ള പ്രതികൾക്ക് ചികിത്സ ആവശ്യമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. എന്നാൽ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ തന്നെ കിടത്താൻ പൊലീസും ഡോക്ടർമാരും ആശുപത്രി അധികൃതരും ഒത്തുകളിച്ചെന്നാണ് ആക്ഷേപം. അതിൽ വ്യാപകമായി പ്രഷേധം ഉയർന്നിരുന്നു.

വകുപ്പ്തല നടപടി വൈകുന്നു

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ റിമാൻഡിലായിട്ടും സർവേ ഡയറക്ടർ പദവിയിലുള്ള ശ്രീറാമിനെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടില്ല.

ഇതിനിടെ ശ്രീറാമിനെ രക്ഷിക്കാൻ ഐ.എ.എസ് ലോബി കരുനീക്കങ്ങൾ ആരംഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ ശ്രീറാമിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.