മിക് ഷൂമാക്കർക്ക് ആദ്യ ഫോർമുല -2 കിരീടം
ബുഡാപെസ്റ്റ് : ഫോർമുലവൺ കാറോട്ടത്തിലെ രാജാവായിരുന്ന മൈക്കേൽ ഷൂമാക്കറുടെ മകൻ മിക് ഷൂമാക്കറും പിതാവിന്റെ പാതയിൽ ശ്രദ്ധേയനാകുന്നു. ഇന്നലെ നടന്ന ഹംഗേറിയൻ ഗ്രാൻപ്രീ ഫോർമുല -2 റേസിൽ മിക് കിരീടം സ്വന്തമാക്കി. മിക്കിന്റെ ആദ്യ ഫോർമുല -2 കിരീടമാണിത്.
ഏഴ് തവണ ഫോർമുല വൺ ലോകചാമ്പ്യൻ ഷിപ്പ് നേടിയിട്ടുള്ള മൈക്കേൽ ഷൂമാക്കർ 2013 ലുണ്ടായ സ്കീയിംഗ് അപകടത്തെതുടർന്ന് കിടപ്പിലാണിപ്പോൾ. പിതാവിന്റെ ഫെറാറി ടീമിന്റെ അക്കാഡമിയിലാണ് മിക്ക് പരിശീലനം നടത്തുന്നത്. 20 കാരനായ മിക്ക് ഹംഗേറിയൻ ഗ്രാൻപ്രീയിൽ പോൾ പൊസിഷനിലാണ് മത്സരിക്കാനിറങ്ങിയത്.
2001 ൽ മൈക്കേൽ ഷൂമാക്കർ ഫെറാറി ടീമിനുവേണ്ടി ഹംഗേറിയൻ ഗ്രാൻപ്രീ ഫോർമുല വൺ റേസിംഗ് കിരീടം നേടിയിരുന്നു. ഇന്നലെ മിക്കിന്റെ കിരീട നേട്ടം കാണാൻ മൈക്കേൽ ഒഴികെയുള്ള കുടുംബാംഗങ്ങൾ ബുഡാപെസ്റ്റിലെത്തിയിരുന്നു. കഴിഞ്ഞവർഷത്തെ ഫോർമുല-3 ജേതാവായ മിക് ഉടൻതന്നെ ഫോർമുല വൺ റേസിലേക്ക് ചുവടുവയ്ക്കും.