തിരുവനന്തപുരം: മലയാളികളടക്കം നിരവധിപ്പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വൻതുക തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി നൈജീരിയൻ സ്വദേശികിംഗ്സിലി ചിഡിബെറി ഉദെയെ (37) ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നിരവധി സിംകാർഡുകൾ, എ.ടി.എം കാർഡുകൾ, ലാപ്ടോപ്പുകൾ, ബാങ്ക് പാസ്ബുക്കുകൾ എന്നിവ കണ്ടെത്തി. കേസിൽ മറ്റ് സ്വദേശ, വിദേശ പ്രതികൾ ഉൾപ്പെട്ടതായി സംശയിക്കുന്നുതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം സ്വദേശിയായ റിട്ട. എൻജിനീയർ നൽകിയ പരാതിയെ തുടർന്ന് പ്രതിയുടെ എ.ടി.എം കാർഡ്, ഇ-മെയിൽ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരിലെ മടിവാളയിൽ നിന്ന് ഇയാൾ പിടിയിലായത്.
തിരു. സ്വദേശി റിട്ട. എൻജിനീയർക്ക് അമേരിക്കയിൽ സീനിയർ ഇലക്ട്രികൽ എൻജീനിയറായാണ് ഇയാൾ ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്തത്. ജോലിയ്ക്ക് വേണ്ടിയുളള അപ്പോയിന്റ്മെന്റ് ഓർഡർ, വർക്ക് പെർമിറ്റ്, ഇൻഷ്വറൻസ് പേപ്പറുകൾ തുടങ്ങിയവ വ്യാജമായി തയ്യാറാക്കി അയച്ച് കൊടുക്കുകയും ചെയ്തു. പലപ്പോഴായി 6 ലക്ഷത്തോളം രൂപയാണ് പ്രതി ഇയാളിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും വൻതുക ആവശ്യപ്പെടുന്നതിൽ സംശയം തോന്നി പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തു വന്നത്. തുടർന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്രകശ്യപ്, റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഡി.വൈ.എസ്.പി ജിജി എൻ, പൊലീസ് ഇൻസ്പെക്ടർ റോജ് ആർ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ശബരീനാഥ്, സമീർഖാൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.