പോത്തൻകോട്: വീട്ടിൽ 16 കിലോ ചന്ദനത്തടി സൂക്ഷിച്ചിരുന്ന യുവാവിനെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ചേങ്കോട്ടുകോണം പനയ്ക്കൽ വീട്ടിൽ അശോക് കുമാർ (40) ആണ് പിടിയിലായത്. വീട്ടിൽ ചന്ദനത്തടി സൂക്ഷിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ചന്ദനത്തടി കണ്ടെത്തിയത്. കഷണങ്ങളായും ചീളുകളായും ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 16 കിലോ ചന്ദനത്തടിയാണ് പിടിച്ചത്. പല സ്ഥലങ്ങളിൽ നിന്നു ചന്ദന മരം മോഷ്ടിച്ച് കടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ ആയുർവേദ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാൾ. പോത്തൻകോട് എസ്.എച്ച്.ഒ സുജിത്ത് .പി.എസ്, എസ്.ഐമാരായ വി.എസ്. അജീഷ്, കെ. രവീന്ദ്രൻ, എസ്.സി.പി.ഒ ഷാജഹാൻ, സി.പി.ഒമാരായ അരുൺ ശശി, വിനീഷ് .എൻ.വി എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.