ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ മൂന്ന് വിക്കറ്റുമായി അരങ്ങേറി മാൻ ഒഫ് ദ മാച്ചായ നവ്ദീപ് സെയ്‌നിയെ അഭിനന്ദിക്കുന്നതിനൊപ്പം മുൻ ഇന്ത്യൻ ക്യാപ്ടൻ ബിഷൻ സിംഗ് ബേദിയെ കളിയാക്കുകയും ചെയ്ത മുൻതാരവും എം.പിയുമായ ഗൗതം ഗംഭീറിന്റെ ട്വീറ്റ് വിവാദമാകുന്നു.
സെയ്‌നിയെ 2013 ൽ ഡൽഹി രഞ്ജി ടീമിലേക്ക് കൊണ്ടുവന്നത് ഗംഭീറാണ്. അന്ന് ഹരിയാനക്കാരനായ സെയ്‌നിയെ ഡൽഹിക്ക് വേണ്ടി കളിപ്പിക്കുന്നതിനെ ബേദി എതിർക്കുകയും ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയ്ക്കുകയും ചെയ്തെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് ഗംഭീർ. വിൻഡീസിനെതിരെ മത്സരിക്കാനിറങ്ങുന്നതിന് മുമ്പുതന്നെ സെയ്‌നി ബിഷൻസിംഗ് ബേദിയുടെയും ഡൽഹി ക്രിക്കറ്റ് ടീം സെലക്ടറായിരുന്ന ചേതൻ ചൗഹാന്റെയും വിക്കറ്റ് തെറിപ്പിച്ചുവെന്നായിരുന്നു ഗംഭീറിന്റെ പരാമർശം. എന്നാൽ ഇതിനെതിരെ ബേദി രംഗത്തെത്തിയിട്ടുണ്ട്. താൻ സെയ്‌നി മോശം കളിക്കാരനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബേദി പറയുന്നു. മറ്റാരെങ്കിലും പറഞ്ഞത് തന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ഗംഭീർ ശ്രമിക്കുന്നതെന്നും ബേദി പറഞ്ഞു. ഡൽഹി ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് നേരത്തെയും ഗംഭീറും ബേദിയുമായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
ഗംഭീറിന്റെ ആരോപണത്തിന് ട്വിറ്ററിലൂടെ മറുപടിയുമായി ചേരാൻ ചൗഹാനും രംഗത്തെത്തിയിട്ടുണ്ട്. സെയ്‌നിയെ ഡൽഹിക്കുവേണ്ടി കളിപ്പിക്കുന്ന കാര്യത്തിൽ നിയമപരമായ പ്രശ്നങ്ങൾ മാത്രമാണ് താൻ അന്ന് ചൂണ്ടിക്കാട്ടിയതെന്ന് ചൗഹാൻ കുറിച്ചു.
ഹരിയാനയിലെ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകളിൽ 250 രൂപ ദിവസകൂലിക്ക് പന്തെറിഞ്ഞു നടന്ന സെയ്‌നിയെ ഒരു സുഹൃത്ത് ഗംഭീറിന്റെ മുന്നിലെത്തിച്ചതോടെയാണ് താരത്തിന്റെ തലവര മാറുന്നത്. അതിവേഗത്തിൽ പന്തെറിയുന്ന സെയ്‌നിയെ ഡൽഹിക്കുവേണ്ടി കളിപ്പിക്കാൻ അന്ന് ക്യാപ്ടനായിരുന്ന ഗംഭീർ ശക്തമായ സമ്മർദ്ദമാണ് ചെലുത്തിയത്. മറ്റൊരു സംസ്ഥാനത്തുനിന്നുള്ള താരത്തിന് ഡൽഹി ടീമിൽ കളിക്കാൻ പെട്ടെന്ന് അനുമതി നൽകുന്നതിലായിരുന്നു എതിർപ്പ്.
സെയ്‌നിയുടെ അടിപൊളി ഇന്ത്യൻ അരങ്ങേറ്റത്തിൽ അഭിനന്ദനങ്ങൾ. നീ പന്തെറിയുന്നതിന് മുമ്പുതന്നെ രണ്ട് വിക്കറ്റുകൾ -ബിഷൻ സിംഗ് ബേദിയുടെയും ചേതൻ ചൗഹാന്റെയും - സ്വന്തമാക്കിയിരുന്നു. കളി തുടങ്ങും മുമ്പേ നിന്റെ ചരമക്കുറിപ്പ് എഴുതിയ അവരുടെ മിഡിൽ സ്റ്റംപാണ് ഇൗ അരങ്ങേറ്റത്തിലൂടെ തെറിച്ചുപോയത്.
ഗംഭീർ ട്വിറ്ററിൽ കുറിച്ചത്
സെയ്‌നിയെക്കുറിച്ച് ഞാൻ മോശമായൊന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും പറഞ്ഞെങ്കിൽ അത് എന്റെ തലയിൽ കെട്ടിവച്ച് എന്നെ മോശക്കാരനാക്കാൻ നോക്കരുത്. സെയ്‌നി ഡൽഹി ടീമിൽ കളിക്കുന്നത് തടയാൻ ഞാനാരാണ്. എം.പിയായിട്ടും ഗംഭീറിന് പക്വത വന്നിട്ടില്ല. സെയ്‌നി മികച്ച കളിക്കാരനാണ്. ഒരു കളിയല്ലേ കളിച്ചുള്ളൂ. വിലയിരുത്താനായിട്ടില്ല.
ബിഷൻസിംഗ് ബേദി
സെയ്‌നിയുടെ കഴിവിനെ എങ്ങും ചോദ്യം ചെയ്തിട്ടില്ല മറ്റ് സംസ്ഥാനക്കാർക്ക് ഡൽഹിക്കുവേണ്ടി കളിക്കണമെങ്കിൽ ഒരുവർഷം കൂളിംഗ് പിരീയഡ് കഴിയണമെന്നേ പറഞ്ഞിട്ടുള്ളൂ. ഗംഭീർ വെറുതെ ആളാകാൻ നോക്കരുത്.
ചേതൻ ചൗഹാൻ ട്വിറ്ററിൽ